
പുൽപ്പള്ളി: ആനപ്പാറ ജംഗ്ഷനിലെ വാടക ക്വാർട്ടേഴ്സിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിൽ വെട്ടേറ്റ യുവാവ് മരിച്ചു. താമരശ്ശേരി അപ്പുറത്തുപൊയിൽ ജി. ഗോപാലന്റെ മകൻ ലൈജു (40) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കൂടെയുണ്ടായിരുന്ന ഷഫീഖ് സാരമായ പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ ശേഖരൻ, പനീർ സെൽവം
എന്നിവരെ പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അടുത്തടുത്ത മുറികളിൽ താമസിച്ചിരുന്ന പനീർ സെൽവവും ലൈജുവും ഷഫീഖും കൂടിയിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ ചെറിയ തർക്കം കൈയ്യാങ്കളിയിൽ കലാശിക്കുകയും പനീർ സെൽവം വിളിച്ചതുപ്രകാരം മാരകായുധങ്ങളുമായെത്തിയ ശേഖരനും പനീർ സെൽവവും ലൈജുവിനെയും ഷഫീഖിനെയും വെട്ടുകയുമായിരുന്നു. കെട്ടിടത്തിന് മുന്നിൽ ഗുരുതരമായി പരിക്കേറ്റ് കിടന്ന ഇരുവരെയും പൊലീസും നാട്ടുകാരും ചേർന്ന് ആദ്യം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഇന്നലെ രാവിലെ പത്ത് മണിയോടെ ലൈജു മരിച്ചു. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോകാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. പ്രതികൾ പുൽപ്പള്ളി മേഖലയിൽ വിവിധ ജോലികൾ ചെയ്തു വരികയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |