SignIn
Kerala Kaumudi Online
Wednesday, 05 August 2026 2.27 AM IST

ഡിജിറ്റൽ റീസർവേ തിരിച്ചുവരും,​ കേന്ദ്ര ഫണ്ട് വേഗത്തിലാക്കാൻ നീക്കം

1

തിരുവനന്തപുരം: ഡിജിറ്റൽ റീസർവേക്ക് കേന്ദ്ര പദ്ധതി പ്രകാരം ലഭിക്കേണ്ട 360 കോടി വേഗത്തിൽ നേടിയെടുക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ഊർജിതമാക്കും. ഡിജിറ്റൽ റീസർവേ നിറുത്തിവയ്ക്കുന്നതിനെതിരെ വ്യാപകമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണിത്. നാഷണൽ ജിയോസ്‌പേഷ്യൽ നോളജ്‌ ബേസ്ഡ് ലാൻഡ് സർവേ ഒഫ് അർബൻ ഹാബിറ്റേഷൻസ്‌ (നക്ഷ) പദ്ധതി പ്രകാരമാണ് പണം ലഭിക്കുക.

ഡിജിറ്റൽ റീസർവേ മൂന്ന് ഘട്ടം പൂർത്തിയാക്കിയതിന്റെ വിശദാംശം ഉൾപ്പെടുത്തിയുള്ള പ്രൊപ്പോസൽ കേന്ദ്ര സർവേ വകുപ്പിന് കേരളം സമർപ്പിച്ചിരുന്നു. അതുപ്രകാരം അനുവദിച്ച 450 കോടിയിൽ 90 കോടി നേരത്തെ ലഭിച്ചിരുന്നു. അതിന്റെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് കേന്ദ്രസർക്കാരിന് കൊടുത്താലേ ബാക്കി തുക ലഭിക്കൂ. അതിനുള്ള നടപടിയാരംഭിച്ചു.

അടുത്തിടെ കേന്ദ്രസർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഡിജിറ്റൽ സർവേ മനസിലാക്കാൻ കേരളത്തിലെത്തിയിരുന്നു. അദ്ദേഹത്തിന് പ്രവർത്തനം ബോദ്ധ്യപ്പെട്ട്, ശേഷിക്കുന്ന 360 കോടി അനുവദിക്കുമെന്ന് അറിയിച്ചിരുന്നു.
മറ്റു സംസ്ഥാനങ്ങൾ ഡിജിറ്റൽ റീസർവേ തുടങ്ങുന്നതിന് വളരെ മുമ്പേ റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഫണ്ട് ഉപയോഗിച്ച് കേരളം ഡിജിറ്റൽ റീസർവേയിലേക്ക് കടന്നിരുന്നു. 600 വില്ലേജുകളിൽ റീസർവേ തുടങ്ങി, 365 വില്ലേജുകളിൽ ഫീൽഡ് സർവേ പൂർത്തിയാക്കിയിരുന്നു. അതിനാൽ ഫണ്ട് അനുവദിക്കുന്നതിന് സാങ്കേതിക തടസമില്ല.

 ശമ്പളം കൊടുത്തേക്കും

സർവേ വകുപ്പിന് ബഡ്ജറ്റിൽപ്പെടുത്തി അനുവദിച്ച 14 കോടി റിലീസ് ചെയ്ത് ഇന്നലെ ഉത്തരവിറങ്ങി. ഈ തുക ഉപയോഗിച്ച് ഡിജിറ്റൽ റീസർവേക്ക് നിയോഗിച്ചിരുന്ന താത്കാലിക ജീവനക്കാരുടെ രണ്ടു മാസത്തെ ശമ്പള കുടിശിക കൊടുക്കാനാവും. നാലു മാസത്തെ വേതനമാണ് കുടിശികയുള്ളത്.

പ്ളാനിംഗ് ബോർഡുമായി ചർച്ച

ഫണ്ടിന്റെ അഭാവത്തിലാണ് ഡിജിറ്റൽ റീസർവേ നിറുത്തിവയ്ക്കാൻ റവന്യുവകുപ്പ് തീരുമാനിച്ചത്. അതിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെയാണ് ഫണ്ട് കണ്ടെത്താനുള്ള നീക്കം തുടങ്ങിയത്. അതിന്റെ ഭാഗമായി സംസ്ഥാന പ്ളാനിംഗ് ബോർഡ് അധികൃതരുമായി സർവേ വകുപ്പ് ചർച്ച നടത്തിയതായും അറിയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIGITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA