
തിരുവനന്തപുരം: തെരുവുനായകളുടെ ശല്യം നിയന്ത്രിക്കാനുള്ള ഷെൽട്ടർ പദ്ധതി പാളി. ഇതിനാവശ്യമായ സ്ഥലം കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയാതെ വന്നതാണ് പ്രശ്നമായത്. ഇതോടെ പുതിയ കർമ്മപദ്ധതി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സർക്കാർ.
നൂറുകണക്കിന് നായകളെ ഒരു കേന്ദ്രത്തിൽ പാർപ്പിക്കുന്നത് അത്ര പ്രായോഗികമല്ല. പരിസരവാസികളുടെ എതിർപ്പും സ്ഥലം ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ടും സാമ്പത്തിക പരിമിതിയുമാണ് മറ്റു തടസങ്ങൾ. തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ നായകളുടെ പെരുപ്പം നിയന്ത്രിക്കാനുള്ള അനിമൽ ബർത്ത് കൺട്രോൾ സെന്ററുകൾ സ്ഥാപിക്കുന്നതിലും വീഴ്ചയുണ്ടായി. സംസ്ഥാനത്ത് നിലവിൽ 19 എ.ബി.സി കേന്ദ്രങ്ങളുണ്ട്. കൊല്ലം,കോട്ടയം,എറണാകുളം,തൃശ്ശൂർ,പാലക്കാട്,മലപ്പുറം,കണ്ണൂർ എന്നിവിടങ്ങളിൽ കൂടി സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. എല്ലായിടത്തും പ്രാദേശികമായ എതിർപ്പുണ്ടായി. ജനവാസം കുറഞ്ഞ സ്ഥലത്ത് ഇത് സ്ഥാപിക്കണമെന്നാണ് ആവശ്യം.
ഓണത്തിനുശേഷം മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പുതിയ പദ്ധതിക്ക് അന്തിമരൂപം നൽകും. പദ്ധതി നടപ്പാക്കാൻ എൻ.ജി.ഒ കളുടെയും മറ്റുസന്നദ്ധസംഘടനകളുടെയും സഹായം തേടും.
ഹോട്സ്‌പോട്ടുകൾ കണ്ടെത്തും
1. ഓരോ തദ്ദേശസ്ഥാപനത്തിന്റെയും പരിധിയിൽ ഹോട്സ്‌പോട്ടുകൾ കണ്ടെത്തി തെരുവുനായ നിയന്ത്രണത്തിന് രൂപരേഖയുണ്ടാക്കാനാണ് പുതിയ നീക്കം
2. നായകളെ തെരുവിൽ ഉപേക്ഷിച്ചാൽ പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ നടപ്പാക്കും. വളർത്തുനായകൾക്ക് ലൈസൻസ് ഉറപ്പാക്കും
3. വളർത്തുകേന്ദ്രങ്ങളിൽ നായകളുടെ പ്രജനനം, വില്പന, പ്രതിരോധ കുത്തിവയ്പ് തുടങ്ങിയവയ്ക്കു പുതിയ നിബന്ധനകൾ കൊണ്ടുവരും
4. പദ്ധതിയുടെ ചെലവ് തദ്ദേശസ്ഥാപനങ്ങൾ വഹിക്കണം.വളർത്തുനായകൾ,തെരുവുനായകൾ തുടങ്ങിയവയുടെ തരംതിരിച്ച് കണക്കെടുക്കണം
5. നിയന്ത്രണത്തിന് പശ്ചാത്തലമൊരുക്കൽ, പൊതുജനങ്ങളുടെ സമീപനം, അപകടഘട്ടത്തിലെ പ്രതിരോധം എന്നിങ്ങനെ അഞ്ചു തലങ്ങളായാണ് കർമ്മപരിപാടി
എ.ബി.സി തുടങ്ങാൻ 28ലക്ഷം
ഒരു എ.ബി.സി കേന്ദ്രം തുടങ്ങാൻ 28ലക്ഷം രൂപ ചെലവ് വരും.152 ബ്ളോക്കുകളിലും ഇത് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മുൻസർക്കാർ 2കോടി രൂപ അനുവദിച്ചിരുന്നു. അധിക വിഹിതം തദ്ദേശസ്ഥാപനങ്ങൾ വഹിക്കണമെന്നും നിർദ്ദേശിച്ചു. ഒന്നും നടന്നില്ല. സംസ്ഥാനത്ത് 5 ലക്ഷത്തോളം തെരുവുനായകളുണ്ട്. കഴിഞ്ഞ വർഷം 9747 നായകളെ മാത്രമാണ് സ്റ്റെറിലൈസ് ചെയ്യാനായത്. 53401നായകൾക്ക് വാക്സിനും കുത്തിവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |