
തൃശൂർ: അവസാന വർഷ എം.ബി.ബി.എസ് പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയാക്കി മൂന്ന് പ്രവൃത്തിദിവസത്തിനകം റെക്കാഡ് വേഗത്തിൽ പ്രസിദ്ധീകരിച്ച് കേരള ആരോഗ്യശാസ്ത്ര സർവകലാശാല. സെപ്തംബർ 10ന് മൂല്യനിർണയം പൂർത്തിയായതിന് പിന്നാലെ 15നാണ് ഫലം പ്രസിദ്ധീകരിച്ചത്. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും അവധിയായതിനാൽ മൂല്യനിർണയത്തിനുശേഷമുള്ള പ്രവർത്തനങ്ങൾക്ക് മൂന്ന് പ്രവൃത്തിദിനം മാത്രമാണ് വേണ്ടിവന്നത്. 28 മെഡിക്കൽ കോളേജുകളിൽ നിന്നായി 3947വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. രണ്ട് ഘട്ടങ്ങളായുളള പരീക്ഷ ആഗസ്റ്റ് 22നാണ് അവസാനിച്ചത്. ഉത്തരക്കടലാസുകൾ ഡിജിറ്റൽ രൂപത്തിൽ മൂല്യനിർണയത്തിന് ലഭ്യമാക്കുന്നതിനാൽ സമയനഷ്ടം ഒഴിവാക്കാനാകുമെന്ന് വൈസ് ചാൻസിലർ ഡോ.മോഹനൻകുന്നുമ്മൽ പറഞ്ഞു.
മറ്റ് നടപടികൾക്കും വേഗം
ഇന്റേൺഷിപ്പിനായി പ്രൊവിഷണൽ രജിസ്‌ട്രേഷൻ വേഗത്തിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന് എം.ബി.ബി.എസ് വിജയിച്ചവരുടെ പട്ടിക കൈമാറി. എല്ലാ പേപ്പറുകളും വിജയിച്ചവർക്ക് പാസ് സർട്ടിഫിക്കറ്റും നൽകി.
ആകെ പരീക്ഷ എഴുതിയത്:3947
വിജയിച്ചത്:3423
വിജയശതമാനം:91.66
ഫലം തടഞ്ഞുവച്ചത്:66
അക്കാഡമിക് വർഷവും ഇന്റേൺഷിപ്പ് ആരംഭിക്കുന്ന സമയവും വൈകാതിരിക്കുകയെന്നതിനാണ് പരിഗണന. ഇതിലൂടെ മെഡിക്കൽ കോളേജുകളിൽ ഹൗസ് സർജന്മാരുടെ സേവനം പെട്ടെന്ന് ലഭ്യമാകും.
-ഡോ.മോഹനൻ കുന്നുമ്മൽ,
വി.സി, ആരോഗ്യശാസ്ത്രസർവകലാശാല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |