
ഫോർട്ട് കൊച്ചി: വാറന്റ് പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് സംഘം പുലർച്ചെ വീടുമാറി കയറിയത് മലപ്പുറം എടപ്പാൾ സ്വദേശികളായ ദമ്പതികൾ വാടകയ്‌ക്ക് താമസിക്കുന്ന വീട്ടിൽ. തിരിച്ചറിയൽ കാർഡുപോലും കാട്ടാൻ തയ്യാറാകാതെ 'ഭീകരാന്തരീക്ഷം' സൃഷ്ടിച്ചതോടെ വീട്ടിൽ ഒറ്റയ്ക്കായിരുന്ന യുവതിയായ വീട്ടമ്മ കള്ളന്മാരെന്ന് കരുതി പേടിച്ച് കുഴഞ്ഞു വീണു. ഇന്നലെ പുലർച്ചെ നാലിന് ഫോർട്ട് കൊച്ചി അധികാരി വളപ്പിന് സമീപം ഫെർണാണ്ടസ് ഗാർഡനിലായിരുന്നു സംഭവം.
എക്‌സൈസ് സംഘം ജനാലയിലൂടെ വീട്ടിനുള്ളിലേക്ക് ടോർച്ചടിച്ച് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെന്നും ഇല്ലെങ്കിൽ പൊളിച്ച് അകത്ത് കടക്കുമെന്നും ഭീഷണിപ്പെടുത്തിയതായി യുവതി പറഞ്ഞു. വാറന്റ് പ്രതിയെ തേടി ഇടുക്കി കട്ടപ്പനയിൽ നിന്നാണ് എക്സൈസ് സംഘമെത്തിയത്. യഥാർത്ഥ പ്രതിയുടെ വീട്ടിലാണ് ആദ്യമെത്തിയതെങ്കിലും ഇവിടെയുള്ളവർ സമീപത്തെ ദമ്പതികളുടെ വീട് ചൂണ്ടിക്കാട്ടുകയായിരുന്നു. ഇതിനിടെ പ്രതി മുങ്ങി.
ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ ജോലി ചെയ്യുന്ന ഭർത്താവിന് നൈറ്റ് ഡ്യൂട്ടിയായിരുന്നതിനാൽ യുവതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എക്സൈസുകാരുടെ അതിക്രമത്തിൽ ഭയന്നുവിറച്ച യുവതി ഭർത്താവിനെ വിളിച്ചു വരുത്തി. ബഹളം കേട്ട് സമീപവാസികൾ എത്തിയപ്പോഴും അബദ്ധം പിണഞ്ഞ എക്സൈസുകാർ നൈസായി മുങ്ങി!. പിന്നീട് യുവതി ആശുപത്രിയിൽ ചികിത്സ തേടി. യുവതിയുടെ ഭർത്താവ് ഫോർട്ട്‌കൊച്ചി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങി. അതേസമയം എക്സൈസ് സംഘം ദമ്പതികളെ നേരിട്ടുകണ്ട് മാപ്പു പറഞ്ഞതായി സൂചനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |