SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.32 AM IST

പൊലീസുകാർക്ക് പണംമുടക്കേണ്ടി വരുന്നത് സ്വന്തം പോക്കറ്റിൽ നിന്ന്, ചുമതലകൾ താളംതെറ്റുന്നെന്ന് പരാതി

police

തൃശൂർ: ലക്ഷങ്ങൾ കുടിശികയാതോടെ പൊലീസ് ജീപ്പുകൾക്ക് ഡീസൽ നൽകാൻ പെട്രോൾ പമ്പ് ഉടമകൾക്ക് മടി, ഇതോടെ നഗരത്തിലെ രണ്ട് സ്റ്റേഷനുകളിലെയും കമ്മിഷണർ ഓഫീസ്, സ്പെഷ്യൽ ബ്രാഞ്ച്, ക്രൈംബ്രാഞ്ച്, നർകോട്ടിക്സ് ഉൾപ്പെടെയുള്ള വിവിധ വിംഗുകളുടെയും 30ഓളം വാഹനങ്ങളുടെ ഓട്ടം പരിമിതമാക്കി.


ഓരോ സ്റ്റേഷൻ പരിധിയിലും ഒന്നോ രണ്ടോ പമ്പുമായിട്ടാണ് ഡീസലടിക്കാൻ പൊലീസ് ധാരണയുള്ളത്. ഇവിടെയെല്ലാം മൂന്ന് മുതൽ നാലുലക്ഷം രൂപ വരെയാണ് കുടിശിക. ലോ ആൻഡ് ഓർഡർ, പ്രതികളെ കോടതിയിൽ ഹാജരാക്കൽ, എമർജൻസി, ഇവന്റ് തുടങ്ങിയ ചുമതലകളെല്ലാം ഇന്ധനക്ഷാമം കാരണം താളംതെറ്റുകയാണത്രെ.


100 ഡയൽ ചെയ്താൽ സംഭവസ്ഥലത്തേക്ക് വളരെ പെട്ടെന്ന് തന്നെ പൊലീസ് എത്തണമെന്നാണ്. എന്നാൽ ഇന്ധനക്ഷാമം മൂലം കഴിയുന്നില്ലെന്ന് പൊലീസുകാർ പറയുന്നു. വി.ഐ.പി ഡ്യൂട്ടി ഉണ്ടായാൽ മറ്റ് ഡ്യൂട്ടികളെല്ലാം ഒഴിവാക്കി ഇന്ധനം അതിനായി മാത്രം റിസർവ് ചെയ്തുവയ്ക്കണം.

പരമകഷ്ടം

നഗരത്തിലെ ഈസ്റ്റ്, വെസ്റ്റ് സ്റ്റേഷനുകളിൽ മൂന്നുവീതം ജീപ്പുകളാണുള്ളത്. സ്റ്റേഷൻ ഹൗസ് ഓഫീസർ ഒരു ജീപ്പ് ഉപയോഗിക്കും. മറ്റ് രണ്ട് ജീപ്പുകളാണ് പട്രോളിംഗ് ഉൾപ്പെടെയുള്ളവയ്ക്കായി ഉപയോഗിക്കാറ്. ഓരോ ജീപ്പിനും നിത്യേന നൂറ് കിലോമീറ്ററോളം ഓടേണ്ടിവരുന്നുണ്ട്. ഇതിനായി എട്ട് മുതൽ 10 ലിറ്റർ ഡീസലാണ് വേണ്ടത്.


ദൂരപരിധിയേറെയുള്ള നാട്ടിൻപുറവും മലയോരവുമുള്ള സ്റ്റേഷനുകളിലാണ് പരമകഷ്ടം. പലയിടത്തും 20 ലിറ്റർ വരെയാണ് പരിധിയെങ്കിലും അധികം വേണ്ടിവരുന്നുണ്ടത്രെ. ഇന്ധനം നിറച്ചശേഷം ബിൽ പൊലീസ് ആസ്ഥാനത്തെ മോട്ടോർ വെഹിക്കിൾ വകുപ്പിലേക്ക് അയച്ചശേഷമാണ് മാറിവരിക. എന്നാൽ, ഒരു വർഷത്തിലേറെയാണ് കുടിശിക.

സ്വന്തം പോക്കറ്റിൽ നിന്നും

വാറണ്ട് പ്രതിയെ പിടികൂടാനും മറ്റും ജീപ്പ് ഒഴിവാക്കി രഹസ്യമായി പോകേണ്ടിവരുന്നതിനാൽ ഉദ്യോഗസ്ഥർ സ്വന്തം വാഹനങ്ങളാണ് ഉപയോഗിക്കാറ്. സ്വന്തം പോക്കറ്റിൽ നിന്നും പണമെടുത്ത് ഡീസലടിക്കണമെങ്കിലും തിരിച്ചുകിട്ടാറില്ലെന്നാണ് അനുഭവമത്രെ.

ബൈക്കുകൾ കട്ടപ്പുറത്ത്

പൊലീസിന്റെ ബൈക്കിന് പെട്രോൾ കൊടുക്കാതായിട്ട് മാസങ്ങൾ. ഇതോടെ ബീറ്റ് ഡ്യൂട്ടി അവസാനിച്ചു. രാത്രി പട്രോളിംഗിന് ഇടവഴികളിലൂടെയും നാട്ടിൻപുറത്തും സഞ്ചരിക്കാൻ ബൈക്കായിരുന്നു സൗകര്യപ്രദം. പമ്പ് ഉടമകൾ ഇന്ധനം നൽകാതെ വന്നതോടെ ജില്ലയിലെ 24 പൊലീസ് സ്റ്റേഷനുകളിലെ ഭൂരിഭാഗം ബൈക്കുകളും കട്ടപ്പുറത്തായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POLICE, CASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA