
കേരളത്തിൽ പാർട്ടി ചുമതല നൽകിയേക്കും
ന്യൂഡൽഹി: രാജ്യസഭാ കാലാവധി പൂർത്തിയായതിനെ തുടർന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹ മന്ത്രി സ്ഥാനം രാജി വച്ച് ജോർജ് കുര്യൻ. രാഷ്‌ട്രപതി ദ്രൗപദി മുർമു രാജി സ്വീകരിച്ചു. മദ്ധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്ന കുര്യന്റെ കാലാവധി ജൂൺ 21നാണ് പൂർത്തിയായത്. ബി.ജെ.പി രാജ്യസഭാംഗത്വം നീട്ടി നൽകാതിരുന്നതിനെ തുടർന്ന് ജൂൺ 22ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജിക്കത്ത് നൽകി.
വിചാരിക്കാത്ത കേന്ദ്രമന്ത്രി പദം ലഭിച്ചത് നരേന്ദ്രമോദി പ്രധാനമന്ത്രിയായതു കൊണ്ടാണെന്നും അതിനുള്ള നന്ദി അറിയിച്ചെന്നും കുര്യൻ പറഞ്ഞു. രാജി വച്ച കുര്യന് കേരളത്തിൽ പാർട്ടി ചുമതല നൽകുമെന്നാണ് സൂചന. സംസ്ഥാനത്ത് പ്രവർത്തിക്കാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്ന് സുരേഷ് ഗോപിക്ക് പുറമെ അപ്രതീക്ഷിതമായി നറുക്കു വീണ കുര്യൻ 2024 ജൂണിലാണ് ന്യൂനപക്ഷകാര്യ, ഫിഷറീസ് വകുപ്പിൽ സഹമന്ത്രിയായത്. മദ്ധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ രാജി വച്ച ഒഴിവിൽ നടന്ന തിരഞ്ഞെടുപ്പിൽ 2024 ആഗസ്റ്റിൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഉപാദ്ധ്യക്ഷനായും മുൻ റെയിൽവേ സഹമന്ത്രി ഒ. രാജഗോപാലിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ, ദേശീയ നിർവാഹക സമിതി അംഗം, കോർ കമ്മിറ്റി അംഗം, പാർട്ടി വക്താവ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |