SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.52 AM IST

ചീഫ്സെക്രട്ടറിയും ഡി.ജി.പിയും രാജ്ഭവനിൽ പോയില്ല: അധികാരമില്ലെന്ന് മുഖ്യമന്ത്രി, ഒളിക്കാനുണ്ടെന്ന് ഗവർണർ

READ ENGLISH VERSION

governor

തിരുവനന്തപുരം: മുഖ്യമന്ത്രി ദ് ഹിന്ദു ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിന്റെ ഭാഗമായ മലപ്പുറം പരാമർശത്തിൽ വിശദീകരണം തേടി ചീഫ്സെക്രട്ടറിയെയും പൊലീസ് മേധാവിയെയും ഗവർണർ രാജ്ഭവനിലേക്ക് നോട്ടീസയച്ച് വിളിച്ചെങ്കിലും ഇരുവരും ഹാജരാവുന്നത് സർക്കാർ തടഞ്ഞു. ഇന്നലെ വൈകിട്ട് നാലിന് ഹാജരാവാനായിരുന്നു ഗവർണറുടെ നിർദ്ദേശം.

വിളിപ്പിച്ചത് ജനാധിപത്യ ഭരണക്രമത്തിന്റെ എല്ലാ തത്വങ്ങൾക്കും ഭരണഘടനാ ചട്ടങ്ങൾക്കും മര്യാദയ്ക്കും വിരുദ്ധമാണെന്ന് മുഖ്യമന്ത്രി ഇന്നലെ രാവിലെ ഗവർണർക്ക് കത്തുനൽകി. ഭരണഘടനാപരമല്ലാത്ത അധികാരങ്ങൾ ഗവർണർക്കില്ലാത്തതിനാൽ സർക്കാരിനെ മറികടന്നുള്ള ആശയവിനിമയത്തിന് മറുപടി നൽകേണ്ടെന്നും ഗവർണറുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കേണ്ടെന്നും ചീഫ്സെക്രട്ടറിയോട് നിർദ്ദേശിച്ചതായും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് എന്തോ ഒളിപ്പിക്കാനുണ്ടെന്ന പ്രതീതിയുണ്ടാക്കുന്നെന്നും, ഭരണഘടനാ ചട്ടങ്ങളുടെയും ധാർമ്മികതയുടെയും ലംഘനമായി കണക്കാക്കുമെന്നും മുന്നറിയിപ്പ് നൽകി ഗവർണർ മുഖ്യമന്ത്രിക്ക് മറുപടിക്കത്ത് അയച്ചു.

ചട്ടലംഘനമെന്ന്

മുഖ്യമന്ത്രിയുടെ കത്ത്

----------------------------

ചീഫ്സെക്രട്ടറിയെയും ഡി.ജി.പിയെയും ഗവർണർ വിളിപ്പിച്ചത് ഭരണഘടനയുടെ 154, 163, 167 ആനുച്ഛേദങ്ങൾ പ്രകാരം ചട്ടലംഘനമാണെന്ന് വ്യക്തമാണ്. മുഖ്യമന്ത്രി തലവനായ മന്ത്രിസഭയുടെ ഉപദേശ നിർദ്ദേശപ്രകാരമായിരിക്കണം ഗവർണർ പ്രവർത്തിക്കേണ്ടത്. ഭരണഘടനാപരമായ ഏതു നടപടിയും മുഖ്യമന്ത്രി വഴിയായിരിക്കണം സ്വീകരിക്കേണ്ടത്. ഗവർണർക്ക് ആവശ്യമായതും ഗവർണർ ആവശ്യപ്പെടുന്നതുമായ വിവരങ്ങൾ നൽകേണ്ടത് മുഖ്യമന്ത്രിയുടെ ചുമതലയാണെന്ന് അനുച്ഛേദം 167ലുണ്ട്. റൂൾസ് ഒഫ് ബിസിനസിലും ഇതിന് നിയതമായ നിയമങ്ങളുണ്ട്. ഭരണഘടനാപരമായ അധികാരങ്ങളല്ലാതെ, സർക്കാരുമായി ബന്ധപ്പെടാൻ ഗവർണർക്ക് സവിശേഷ അധികാരങ്ങളില്ല. ഗവർണറുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കേണ്ടെന്ന് ചീഫ്സെക്രട്ടറിയോട് നിർദ്ദേശിച്ചു.

ഭരണഘടന പ്രകാരമെന്ന്

ഗവർണറുടെ കത്ത്

---------------------------------------------------

ഞാൻ നൽകിയ കത്തുകൾക്ക് മറുപടി നൽകാതിരുന്നശേഷം, ചീഫ്സെക്രട്ടറിയെ വിശദീകരണം നൽകുന്നതിൽ നിന്ന് തടഞ്ഞത് അത്ഭുതപ്പെടുത്തുന്നതാണ്. വിവരങ്ങൾ തേടിയത് റൂൾസ് ഒഫ് ബിസിനസിനും ഭരണഘടനയുടെ 166(3), 167 അനുച്ഛേദങ്ങൾക്കും അനുസൃതമായാണ്. മലപ്പുറം പരാമർശം സംബന്ധിച്ച വിവരങ്ങൾ തേടിയപ്പോൾ, താങ്കളുടെ നിശബ്ദതയും ഉദാസീനതയും അനുചിതമായ വൈകിപ്പിക്കലും താങ്കൾക്ക് എന്തൊക്കെയോ ഒളിപ്പിക്കാനുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നതും ഉപജാപത്തിന്റെ ഭാഗവുമാണ്.

ചീഫ്സെക്രട്ടറിക്കയച്ച കത്തിൽ, സർക്കാരുമായി നടത്തിയ കത്തിടപാടുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നു. സർക്കാരിന്റെ പിന്നിലൂടെയുള്ള ആശയവിനിമയമല്ല നടത്തിയത്. ഹവാല, സ്വർണക്കടത്തിലൂടെയെത്തുന്ന പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുപയോഗിക്കുന്നെന്ന ഗുരുതര കുറ്റകൃത്യം ഭരണഘടനാപരമായ മര്യാദയും സാങ്കേതികത്വവും പറഞ്ഞ് തള്ളിക്കളയാനാവുന്നതല്ല.

രാജ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകുകയെന്ന ഭരണഘടനാ ചുമതല നിർവഹിക്കാനാണ് ചീഫ്സെക്രട്ടറിയിൽ നിന്ന് വിശദീകരണം തേടിയത്. ഗവർണർക്ക് വിവരങ്ങൾ നൽകേണ്ട ഭരണഘടനാപരമായ ചുമതല നിർവഹിക്കാത്ത സർക്കാരിന്റെ നടപടിയിൽ ലജ്ജിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA