
കൊച്ചി: ശബരിമലയിലെ ആസ്തി വിവരങ്ങൾ രേഖപ്പെടുത്തിയ സ്റ്റോക്ക് ബുക്ക് മുറുക്കാൻ കടക്കാരന്റെ ഡയറി പോലെയാണെന്ന് ഹൈക്കോടതി. വസ്തുവിവരപ്പട്ടിക ഉൾപ്പെടുത്തി സമഗ്ര ഡിജിറ്റൽ ഇൻവെന്ററി മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കാനും നിർദ്ദേശിച്ചു. സ്റ്റോക്ക് ബുക്ക് പരിശോധിച്ച കോടതി, കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ആസ്തി- സ്റ്റോക്ക് രജിസ്റ്ററുകൾ, പരിശോധനാ റിപ്പോർട്ടുകൾ, ഉപയോഗശൂന്യമായവ നീക്കാനും വിൽക്കാനും നന്നാക്കാനുമുള്ള രജിസ്റ്ററുകൾ, വിതരണ രജിസ്റ്ററുകൾ തുടങ്ങിയവ ഡിജിറ്റൽ സംവിധാനത്തിൽ ഉൾപ്പെടുത്തണം. നിശ്ചിത ഇടവേളകളിൽ പരിശോധിച്ച്, രേഖകൾ പുതുക്കണമെന്നും ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് നിർദ്ദേശിച്ചു.
പൊതുപണം ചെലവഴിക്കുമ്പോൾ കൃത്യമായ കണക്കുകൾ ബോർഡിന്റെ പക്കൽ ഉണ്ടാകണമെന്ന് കോടതി ഓർമ്മിപ്പിച്ചു. മണ്ഡലകാലത്തിനു മുമ്പ് ഡിജിറ്റലൈസേഷൻ പൂർത്തിയാക്കുമെന്ന് ബോർഡ് ഉറപ്പുനൽകി.
കട്ടിൽ വാങ്ങലിൽ
സുതാര്യത വേണം
ശബരിമലയിലെ ദിവസവേതനക്കാർക്കായി 1000 ഡബിൾ ഡെക്കർ കട്ടിലുകൾ വാങ്ങാൻ അനുമതി തേടി ദേവസ്വം ബോർഡ് സമർപ്പിച്ച ഹർജി ഹൈക്കോടതി തീർപ്പാക്കി. 1.66 കോടി രൂപയുടെ കട്ടിൽ കരാറിൽ ഓഡിറ്റ് വിഭാഗം തടസമുന്നയിച്ചിരുന്നു. തമിഴ്‌നാട്ടിലെ കമ്പനിയിൽ നിന്ന് വാങ്ങുന്ന കട്ടിലുകളുടെ സാങ്കേതിക വിവരങ്ങളോ ചിത്രങ്ങളോ ഹാജരാക്കിയിരുന്നില്ല. സുതാര്യത ഉറപ്പാക്കണമെന്ന് ചീഫ് എൻജിനിയർക്ക് കോടതി നിർദ്ദേശം നൽകി. സ്റ്റോർ പർച്ചേസ് മാനുവൽ കൃത്യമായി പാലിക്കണമെന്നും ഉത്തരവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |