SignIn
Kerala Kaumudi Online
Wednesday, 05 August 2026 1.34 AM IST

കൈറ്റ് : സി.ഇ.ഒയുടെ അധികാരങ്ങൾ വെട്ടിക്കുറച്ച് പുതിയ തസ്തിക

aa

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐ.ടി സ്ഥാപനമായ കൈറ്റിന്റെ സുപ്രധാന ചുമതലകൾ നിർവഹിക്കാൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തിക സൃഷ്ടിക്കാൻ സർക്കാർ ഉത്തരവ്. കൈറ്റ് സി.ഇ.ഒയുടെ അധികാരങ്ങൾ വെട്ടിക്കുറച്ചാണ് തസ്തിക സൃഷ്ടിക്കുന്നത്. ഭരണകാര്യക്ഷമതയും സർക്കാരുമായുള്ള ഏകോപനവും ശക്തിപ്പെടുത്താനാണ് തസ്തികയെന്നാണ് സർക്കാർ വാദം. സി.ഇ.ഒയാണ്, കൈറ്റും സർക്കാരുമായുളള ആശയവിനിമയങ്ങൾ ഏകോപിപ്പിക്കുന്നത്. ഇനി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറിനാകും ഈ ചുമതല. കൈറ്റിന്റെ നിയന്ത്രണം പൂർണമായും മുസ്ളീംലീഗിന്റെ കൈപ്പിടിയിലാക്കാനാണ് തസ്തിക സൃഷ്ടിക്കുന്നതെന്നാണ് സൂചന. വരവ്‌ചെലവ് കണക്കുകൾ സർക്കാരിന് സമർപ്പിക്കുക, ഓഡിറ്റുകൾ ഉറപ്പാക്കുക, ജീവനക്കാരുടെ നിയമനം, സ്ഥലംമാറ്റം എന്നിവ നിരീക്ഷിക്കുക, വിവരാവകാശ നിയമപ്രകാരമുള്ള സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായി പ്രവർത്തിക്കുക, ഫിനാൻസ് ഓഫീസറിന്റെ പരിധിയിലെ വിഷയങ്ങൾ ഒഴികെയുള്ള ഫയലുകളെല്ലാം പരിശോധിച്ച് ശുപാർശ ചെയ്യുക എന്നിവയ്ക്കുള്ള അധികാരവും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്കാകും. ആസ്തി ബാധ്യതകൾ സംബന്ധിച്ച ഓഫീസ് രജിസ്റ്ററുകളുടെ സംരക്ഷണവും പരിപാലനവും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ കസ്റ്റഡിയിലും മേൽനോട്ടത്തിലുമായിരിക്കും. ഭരണപരമായ മേൽനോട്ടം, സർക്കാർ നയങ്ങളുടേയും ബോർഡ് തീരുമാനങ്ങളുടേയും നടപ്പാക്കൽ, ഭരണപരമായ ഏകോപനം തുടങ്ങി സി.ഇ.ഒ നിർവഹിച്ചിരുന്ന ചുമതലകൾ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്കായിരിക്കും.

പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി\ഡെപ്യൂട്ടി സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥനെയാകും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാക്കുക. തസ്തിക സൃഷ്ടിക്കുന്നതിനും വേതനഘടന, നിയമനരീതി, സേവന വ്യവസ്ഥകൾ എന്നിവ നിശ്ചയിച്ച് സർക്കാരിന് സമർപ്പിക്കുന്നതിന് കൈറ്റ് ചെയർമാനായ പൊതുവിദ്യാഭ്യാസ സ്‌പെഷ്യൽ സെക്രട്ടറി ഡോ.ഡി.സജിത്ബാബുവിനെ ചുമതലപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA