
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് വ്യാഴാഴ്ച മുതൽ സമരം ചെയ്‌തിരുന്ന 21 വൈദികരെ ഇന്നലെ പുലർച്ചെ ബലംപ്രയോഗിച്ച് പൊലീസ് പുറത്താക്കി. ഇതേചൊല്ലി വിശ്വാസികളുടെ ചേരിതിരിഞ്ഞുള്ള പ്രതിഷേധം മണിക്കൂറുകൾ നീണ്ട സംഘർഷത്തിൽ കലാശിച്ചു. സമരത്തിന് നേതൃത്വം നൽകിയ ആറു വൈദികരെ സിനഡ് സസ്‌പെൻഡ് ചെയ്തു.
വൈകുന്നേരത്തോടെ
അതിരൂപതയുടെ അഡ്മിനിസ്ട്രേറ്ററായി ആർച്ച് ബിഷപ്പ് ജോസഫ് പാംബ്ളാനിയെ നിയമിച്ചു.അനുരഞ്ജനത്തിന്റെ ഭാഗമായാണിത്.
ഹൈക്കോടതിക്കു സമീപത്തെ ബിഷപ്പ് ഹൗസിൽ സമരം നടത്തിയ വൈദികരെ അതിരൂപതയുടെ പരാതിയിൽ ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് പൊലീസ് പുറത്താക്കിയത്. പുറത്തുപോകണമെന്ന നിർദ്ദേശം സ്വീകരിക്കാതിരുന്നതോടെ ബലംപ്രയോഗിച്ച് സമീപത്തെ സെന്റ് മേരീസ് കത്തീഡ്രലിന്റെ മുറ്റത്തേക്കാണ് മാറ്റിയത്. 78 വയസുള്ള ഫാ.സെബാസ്റ്റ്യൻ തളിയനെ ഉൾപ്പെടെ വലിച്ചിഴച്ചതായി വൈദികർ ആരോപിച്ചു.
വൈദികരെ അനുകൂലിക്കുന്നവർ തടിച്ചുകൂടി. പിന്നാലെ സഭാനേതൃത്വത്തെ അനുകൂലിക്കുന്നവരും എത്തിയത് ഉന്തിലും തള്ളിലും കലാശിച്ചു. പൊലീസ് ഇടപെട്ടാണ് സംഘർഷം ഒഴിവാക്കിയത്. ആർക്കെതിരെയും കേസെടുത്തിട്ടില്ല.
ബിഷപ്പ് ഹൗസിൽ കയറാൻ വിശ്വാസികൾ വൈകുന്നേരവും ശ്രമിച്ചു. വൈദികരെ മാത്രം കയറാൻ പൊലീസ് അനുവദിച്ചു. തർക്കം പരിഹരിക്കാൻ എ.ഡി.എം ആശ സി. എബ്രഹാം വൈദികരുമായി ചർച്ച നടത്തി. ഇന്ന് ജില്ലാ കളക്‌ടർ എൻ.എസ്.കെ ഉമേഷ് സമരക്കാരുമായി ചർച്ച നടത്തും.
ആറു പേർക്ക് വിലക്ക്
പതിറ്റാണ്ടുകളായി തുടർന്നുവന്ന ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവരാണ് സമരം ചെയ്യുന്നത്.
സമരത്തിന് നേതൃത്വം നൽകിയ സെബാസ്റ്റ്യൻ തളിയൻ, രാജൻ പുന്നയ്‌ക്കൽ, ജെറി ഞാളിയത്ത്, സണ്ണി കളപ്പുരയ്ക്കൽ, പോൾ ചിറ്റിനപ്പള്ളി, അലക്‌സ് കരീമഠം എന്നീ വൈദികരെയാണ് സസ്‌പെൻഡ് ചെയ്തത്. ഇവർക്ക് സഭാശുശ്രൂഷകളിൽ വിലക്കേർപ്പെടുത്തി. 15 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഏഴു ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ നടപടിയുണ്ടാകും.
പാംബ്ളാനിയിൽ പ്രതീക്ഷ
അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി തലശേരി അതിരൂപത ബിഷപ്പ് ജോസഫ് പാംബ്ളാനിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ബിഷപ്പ് ബോസ്കോ പുത്തൂർ രാജിവച്ചതിനെ തുടർന്നാണ് തീരുമാനം. 2023 ഡിസംബറിലാണ് ബോസ്കോ നിയമിതനായത്.
ആർച്ച് ബിഷപ്പ് പാംബ്ളാനിയുടെ നിയമനത്തെ വൈദികരെ പിന്തുണയ്ക്കുന്ന അൽമായ മുന്നേറ്റം സ്വാഗതം ചെയ്‌തു. അതിരൂപതയിലെ പ്രശ്നങ്ങൾ അറിയുന്ന അദ്ദേഹത്തിന് സമാധാനം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് മുന്നേറ്റം ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |