SignIn
Kerala Kaumudi Online
Saturday, 20 June 2026 2.51 AM IST

തലയെടുപ്പുള്ള മാദ്ധ്യമ പ്രവർത്തകൻ വിടപറഞ്ഞത് ആത്മാർത്ഥ സുഹൃത്ത്

d

മാദ്ധ്യമപ്രവർത്തകരിൽ വ്യത്യസ്തനായിരുന്നു എൻ.ആർ.എസ്. ബാബു. എല്ലാ വിഷയങ്ങളിലും ആഴത്തിലുള്ള അറിവ്, കാഴ്ചപ്പാടുകൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. കേരളകൗമുദിയിൽ എഴുതിയ വാർത്തകളും അന്വേഷണാത്മക റിപ്പോർട്ടുകളുമെല്ലാം എക്കാലവും സ്മരിക്കപ്പെടും.

പത്രപ്രവർത്തനത്തിൽ ആശയങ്ങളും കാഴ്ചപ്പാടുകളും നന്നായി അവതരിപ്പിക്കാൻ മികച്ച ഭാഷ ഒഴിച്ചുകൂടാനാവാത്തതാണ്. എൻ.ആർ.എസ്.ബാബുവിന്റെ ഭാഷയ്ക്ക് പ്രത്യേകതയുണ്ടായിരുന്നു. ആ എഴുത്തിന്റെ ഒഴുക്ക് സവിശേഷതയുള്ളതാണ്. അദ്ദേഹത്തിന്റെ പ്രത്യേകശൈലി വായനക്കാർ ഇഷ്ടപ്പെട്ടു. ഒരോ വരിയും അതിലെ അർത്ഥങ്ങളും സാഹിത്യഭംഗിയുമെല്ലാം എല്ലാവരും നന്നായി ഉൾക്കൊണ്ടു.

ഇത്തരത്തിൽ ലളിതമായും മനോഹരമായും വിഷയങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള പത്രപ്രവർത്തകർ അക്കാലത്ത് കുറവായിരുന്നു. എല്ലാ അർത്ഥത്തിലും അസാമാന്യ കഴിവുള്ള പത്രപ്രവർത്തകനായിരുന്നു ബാബു. കേരള മാദ്ധ്യമ ചരിത്രത്തിലെ ഏറ്റവും തലയെടുപ്പുള്ളയാളാണ് വിടവാങ്ങിയത്.

ബാബുവുമായി എനിക്കുണ്ടായിരുന്നത് ഏറെ അടുത്ത ബന്ധമായിരുന്നു. 1970കളിൽ തുടങ്ങിയ ബന്ധമാണത്. ഞാൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരിക്കുമ്പോൾ ബാബു കേരളകൗമുദിയിലുണ്ട്. രാഷ്ട്രീയം മാത്രമല്ല എല്ലാ വിഷയങ്ങളും ഞങ്ങൾ സംസാരിക്കുമായിരുന്നു. ഞാൻ രാഷ്ട്രീയത്തിന്റെ കൂടുതൽ തിരക്കുകളിലായപ്പോഴും ആ ബന്ധം തുടർന്നു. അക്കാലത്തെ ബാബുവിന്റെ ആഴത്തിലുള്ള പഠനങ്ങളും റിപ്പോർട്ടുകളുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പട്ടത്തുള്ള വീട്ടിൽ ഞാൻ ഇടയ്ക്ക് പോകുമായിരുന്നു. എല്ലാ വിഷയങ്ങളും സംസാരത്തിൽ കടന്നുവരും. വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങളുൾപ്പെടെ സംസാരിക്കും.

യോജിപ്പുകളും വിയോജിപ്പുകളും ഞങ്ങൾ പരസ്പരം തുറന്നു സംസാരിച്ചു. ഒരുഘട്ടം കഴിഞ്ഞപ്പോൾ രാഷ്ട്രീയക്കാരനും പത്രപ്രവർത്തകനും എന്ന ബന്ധത്തിലുപരി സഹോദരതുല്യമായ അടുപ്പം ഞങ്ങൾ തമ്മിൽ രൂപപ്പെട്ടു. നിർഭാഗ്യവശാൽ മറ്റൊരുഘട്ടത്തിൽ അത് കുറച്ചുനാളത്തേയ്ക്ക് മുറിച്ചുമാറ്റപ്പെട്ടുവെന്ന കാര്യവും പറയാതിരിക്കാനാവില്ല.
ഒരു വാർത്താ പരമ്പരയായിരുന്നു ആ അകൽച്ചയിലേക്ക് നയിച്ചത്. ആ പരമ്പര കേസിലേക്കും മറ്റും പോകുന്ന സാഹചര്യമുണ്ടായി. ഇതേത്തുടർന്നുണ്ടായ അകൽച്ച പക്ഷേ, താത്കാലികം മാത്രമായിരുന്നു. പിന്നീട് പഴയ സൗഹൃദം വീണ്ടും ദൃഢമായി. തിരക്കുകൾക്കിടയിലും ഞങ്ങൾ ഇടയ്ക്കിടെ ആശയവിനിമയം തുടർന്നു.

എല്ലാവരുമായും സൗഹൃദം

വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ മേഖലയിലുള്ളവരുമായും ബാബു സൗഹൃദം പുലർത്തി. കേരളത്തിലെ മാദ്ധ്യമരംഗത്തു പ്രവർത്തിക്കുന്നവരിൽ ആഴത്തിലുള്ള വ്യക്തിബന്ധം ഉണ്ടായിരുന്നവർ അധികം ഉണ്ടാകാൻ സാദ്ധ്യതയില്ല. രാഷ്ട്രീയക്കാർ, സാമൂഹിക പ്രവർത്തകർ, സാംസ്‌കാരിക പ്രവർത്തകർ, കാലാകാരന്മാർ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവരുമായി ബാബുവിന് സൗഹൃദമുണ്ടായിരുന്നു. പത്രപ്രവർത്തകൻ എന്ന നിലയിലുള്ളത് മാത്രമായിരുന്നില്ല ആ ബന്ധം. അതിനപ്പുറമുള്ള അടുപ്പം. നഷ്ടപ്പെട്ടത് അരനൂറ്റാണ്ടിലേറെ ബന്ധമുള്ള സുഹൃത്തിനെയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA