കോഴിക്കോട്: ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ അണിചേരാൻ മതനേതാക്കളെ നേരിൽ കണ്ട് 'തൂഫാൻ വോറിയേഴ്സ് ബാഡ്ജ്" അണിയിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സമസ്ത (ഇ.കെ വിഭാഗം) അദ്ധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ,സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ,താമരശ്ശേരി രൂപത ബിഷപ്പ് റെമിജിയോസ് മരിയ പോൾ ഇഞ്ചനാനിയിൽ,കാശ്യപാശ്രമം ആചാര്യൻ എം.ആർ രാജേഷ് എന്നിവരെ കണ്ട് ‘ഓപ്പറേഷൻ തൂഫാൻ-ദ് നർകോ ഹണ്ട്’ ക്യാമ്പെയിന് പിന്തുണയ്ക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
രാവിലെ സമസ്ത കാര്യാലയത്തിലെത്തിയ ചെന്നിത്തല മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കാണ് ആദ്യ ബാഡ്ജ് അണിയിച്ചത്. ലഹരി വിരുദ്ധ പോരാട്ടത്തിന് സർക്കാരിനൊപ്പമുണ്ടാകുമെന്ന് സമസ്ത അറിയിച്ചു. വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരത്തിന് ശേഷം പള്ളികളിൽ ഖത്തീബുമാർ ലഹരിക്കെതിരെ പ്രത്യേക ബോധവത്കരണം നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.
മർക്കസിലെത്തി കാന്തപുരവുയി കൂടിക്കാഴ്ച നടത്തി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും മർകസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെയും സഹകരണമുണ്ടാകുമെന്ന് കാന്തപുരം ഉറപ്പുനൽകി.
പിന്നീട് താമരശ്ശേരി രൂപത ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലിനെ ബിഷപ്പ് ഹൗസിലെത്തി സന്ദർശിച്ച ആഭ്യന്തരമന്ത്രി അദ്ദേഹത്തിനും ബാഡ്ജ് സമ്മാനിച്ചു. എല്ലാ പള്ളികളിലും ലഹരിക്കെതിരായ സന്ദേശമെത്തിക്കുമെന്ന് ബിഷപ്പ് ഉറപ്പു നൽകി. കാശ്യപാശ്രമത്തിന്റെ ആചാര്യൻ എം.ആർ രാജേഷിനെ സന്ദർശിച്ച ചെന്നിത്തല അദ്ദേഹത്തിനും ബാഡ്ജ് കൈമാറി.
അയൽ സംസ്ഥാനങ്ങളിലെ
മുഖ്യമന്ത്രിമാർക്ക് കത്തയയ്ക്കും
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് അടുത്ത ദിവസം കത്തയയ്ക്കുമെന്ന് ചെന്നിത്തല പറഞ്ഞു. ഇതിന് പുറമേ ഡി.ജി.പി തലത്തിൽ മറ്റു സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായി ബന്ധപ്പെട്ടും നടപടികൾ സ്വീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |