
തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ മുൻ ബ്യൂറോ ചീഫ് കെ.എം. ബഷീർ ഓടിച്ച വാഹനത്തിൽ വന്നിടിച്ച കാർ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ ആണെന്ന് നാട്ടുകാർ പറഞ്ഞ് അറിഞ്ഞതായി സാക്ഷി. സിറാജ് പത്രത്തിന്റെ ഡയറക്ടർ സൈഫുദീൻ ഹാജിയാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. കേട്ട കാര്യങ്ങൾ പൊലീസിനോട് പറഞ്ഞിരുന്നതായി മൊഴി നൽകി. ബഷീറിന് അപകടം ഉണ്ടായത് അറിഞ്ഞാണ് സംഭവസ്ഥലത്ത് എത്തിയത്. പൊലീസിന് പ്രാരംഭ മൊഴി നൽകിയത് താൻ ആണെന്നും അറിയിച്ചു. എതിർ സാക്ഷി വിസ്താരം തിങ്കളാഴ്ച നടക്കും. നാലാം അഡിഷണൽ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ ഏക പ്രതി. പ്രതിക്കെതിരെ മനഃപൂർവം അല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാറിടിച്ച് ബഷീർ കൊല്ലപ്പെട്ടത്. പ്രോസിക്യൂഷനു വേണ്ടി ബി.എസ്.രാജേഷ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |