
കണ്ണൂർ:വൈസ് അഡ്മിറൽ അലോക് ആനന്ദ ഏഴിമല നാവിക അക്കാഡമിയുടെ 13-ാമത് കമാൻഡന്റായി ചുമതലയേറ്റു. ഇന്നലെ അക്കാഡമിയിൽ നടന്ന ചടങ്ങിൽ വിരമിക്കുന്ന വൈസ് അഡ്മിറൽ മനീഷ് ചദ്ദയിൽ നിന്നു ചുമതല ഏറ്റെടുത്തു.
ഗോവ നാവിക അക്കാഡമി പൂർവവിദ്യാർത്ഥിയായ അലോക് ആനന്ദ് 1993 ജൂലായ് ഒന്നിനാണ് നാവികസേനയിൽ സേവനം തുടങ്ങിയത്. നാവിഗേഷൻ ആൻഡ് ഡയറക്ഷൻ വിഭാഗത്തിലെ വിദഗ്ധനാണ്. വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ നിന്ന് സ്റ്റാഫ് കോഴ്‌സും തായ്‌ലൻഡിലെ നാഷണൽ ഡിഫൻസ് കോളേജിൽ നിന്ന് നാഷണൽ ഡിഫൻസ് കോഴ്‌സും വിജയകരമായി പൂർത്തിയാക്കി.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിൽ ഐ.എൻ.എസ് ഘോർപാഡ്, സത്പുര എന്നീ യുദ്ധക്കപ്പലുകളുടെ കമാൻഡ് വഹിച്ചതോടൊപ്പം ഖഡക്വാസ്‌ലയിലെ നാഷണൽ ഡിഫൻസ് അക്കാഡമി, കൊച്ചിയിലെ നാവിഗേഷൻ ആൻഡ് ഡയറക്ഷൻ സ്കൂൾ, വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് എന്നിവിടങ്ങളിൽ പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാവികസേന ആസ്ഥാനത്ത് കൊമഡോർ നാവൽ ഓപ്പറേഷൻസ്, അസിസ്റ്റന്റ് ചീഫ് ഓഫ് നേവൽ സ്റ്റാഫ് (പോളിസി ആൻഡ് പ്ലാൻസ്) എന്നീ സുപ്രധാന സ്ഥാനങ്ങളും അലങ്കരിച്ചു. വിശിഷ്ട സേവനത്തിന് 2016-ൽ യുദ്ധ് സേവ മെഡലിന് അർഹനായി.
വിശാഖപട്ടണം ഈസ്റ്റേൺ ഫ്ലീറ്റിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് പദവി വഹിക്കവേയാണ് ഏഴിമലയിൽ ചുമതലയേറ്റത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |