SignIn
Kerala Kaumudi Online
Tuesday, 08 September 2026 12.54 AM IST

ജാതിരേഖ നൽകാനായില്ലെങ്കിലും ആനുകൂല്യങ്ങൾ നിഷേധിക്കരുത് പട്ടിക വിഭാഗങ്ങൾക്ക്   തുണയായി ഹൈക്കോടതി

READ ENGLISH VERSION
high-court

കൊച്ചി: ജാതി തെളിയിക്കാൻ സാധിച്ചില്ലെന്ന കാരണത്താൽ മാത്രം പട്ടിക വിഭാഗക്കാരുടെ ഭരണഘടനാപരമായ ആനുകൂല്യങ്ങൾ നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേരള കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകൽ നിയന്ത്രണ നിയമപ്രകാരം ജാതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കുമ്പോൾ, സാധാരണ പൗരന്മാരിൽ നിന്ന് പ്രതീക്ഷിക്കുന്ന തെളിവുകൾ ഹാജരാക്കാൻ ഈ വിഭാഗക്കാരോട് നിർബന്ധം പിടിക്കരുതെന്നും നിർദ്ദേശിച്ചു. ജാതി സർട്ടിഫിക്കറ്റിലും മറ്റും എന്തെങ്കിലും തട്ടിപ്പ് നടന്നതായി സർക്കാരിന്റെ പക്കൽ തെളിവുകൾ ഇല്ലാത്തിടത്തോളം ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്നാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

പട്ടികവർഗ ആനുകൂല്യങ്ങൾക്കായി വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാരോപിച്ച് തൃശൂർ സ്വദേശി വി. ബാലന്റെ സർവീസ് അസാധുവാക്കിയ നടപടി റദ്ദാക്കിയ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. 'മലൈ പണ്ടാരം" സമുദായമെന്ന് അവകാശപ്പെട്ട് 1980ൽ പോസ്റ്റ്മാനായി ജോലിയിൽ പ്രവേശിച്ച ഹർജിക്കാരൻ 2015ൽ വിരമിച്ചിരുന്നു.

ബാലൻ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട 'പണ്ടാരം (വീരശൈവ)" സമുദായക്കാരനാണെന്ന പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവീസ് അസാധുവാക്കാനും ആനുകൂല്യങ്ങൾ തിരിച്ചെടുക്കാനും സർക്കാർ ഉത്തരവിട്ടിരുന്നു.

ഈ നടപടി ശരിവച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെ ബാലൻ നൽകിയ അപ്പീലിൽ, സ്വാഭാവിക നീതിയുടെ ലംഘനമുണ്ടായെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

ആറുമാസത്തിനകം പുതിയ തീരുമാനമെടുക്കാൻ സ്ക്രൂട്ടിനി കമ്മിറ്റിക്ക് കോടതി നിർദ്ദേശം നൽകി. അതുവരെ പ്രൊവിഷണൽ പെൻഷൻ തുടരാമെന്നും ഉത്തരവിട്ടു.


ആനുകൂല്യങ്ങളുടെ കാര്യത്തിൽ

ഉദാര സമീപനം വേണം

ഭരണഘടനാപരമായ ആനുകൂല്യങ്ങൾ നിഷേധിക്കുമ്പോൾ അധികൃതർ ഉദാര സമീപനം സ്വീകരിക്കണമെന്ന് ഹൈക്കോടതി ഓർമ്മിപ്പിച്ചു. പഠന റിപ്പോർട്ടിൽ വി. ബാലൻ നൽകിയ വിശദമായ ആക്ഷേപങ്ങൾ പരിശോധിക്കാതെയാണ് സ്ക്രൂട്ടിനി കമ്മിറ്റിയും സർക്കാരും തീരുമാനമെടുത്തത്.

പട്ടിക വിഭാഗക്കാർക്ക് തിരിച്ചറിയൽ രേഖകൾ ഹാജരാക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കോടതി കണക്കിലെടുത്തു. വ്യക്തമായ തെളിവുകളില്ലാതെ, രേഖകളുടെ അഭാവം കൊണ്ട് മാത്രം ഒരാളുടെ ജാതി ആനുകൂല്യങ്ങൾ റദ്ദാക്കരുത്. കുടുംബത്തിലെ മറ്റാരെങ്കിലും ക്ഷേമ പദ്ധതികളുടെ ഗുണഭോക്താവാണോ തുടങ്ങിയ മൊത്തത്തിലുള്ള സാഹചര്യങ്ങളും പരിശോധിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA