SignIn
Kerala Kaumudi Online
Monday, 28 September 2026 3.01 AM IST

ബാറുകളുടെ സമയം കുറയ്ക്കാൻ സമ്മർദ്ദം

1

ക്ഷേമനിധി വേണമെന്ന് തൊഴിലാളികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ രാത്രി 10 വരെയായി നിജപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നു.അതേ സമയം, യു.ഡി.എഫ് സർക്കാരിന്റെ പുതിയ മദ്യ നയത്തിന് രൂപം നൽകുന്നതിന് മുന്നോടിയായി എക്സൈസ് മന്ത്രി എം.ലിജു ഇന്ന് മുൻ എക്സൈസ് മന്ത്രിമാരുമായി നടത്താനിരുന്ന ചർച്ച മാറ്റി വച്ചു.

ബാറുകളുടെ പ്രവർത്തന സമയം കുറയ്ക്കണമെന്നതായിരുന്നു കഴിഞ്ഞ ദിവസം ബാർ ഹോട്ടൽ തൊഴിലാളി സംഘടനകളുമായി (സി.ഐ.ടി.യു, എ.ഐ.ടി.യു.സി) മന്ത്രി നടത്തിയ ചർച്ചയിൽ ഉയർന്ന പ്രധാന ആവശ്യം . മദ്യ വിരുദ്ധ സംഘടനകളും ഇക്കാര്യം ഉന്നയിച്ചിരുന്നു.രാവിലെ 10 മുതൽ രാത്രി 12 വരെയാണ് ഇപ്പോഴത്തെ പ്രവർത്തന സമയം. നഗരങ്ങളിലെ ബാറുകൾക്ക് രാത്രി ഇതിൽ കൂടുതൽ സമയം പ്രവർത്തിക്കണമെങ്കിൽ അധിക ഫീസീടാക്കി അനുമതി നൽകാം. ഫൈവ് സ്റ്റാർ മുതൽ മുകളിലേക്കുള്ള ബാറുകൾക്ക് ലൈസൻസ് ഫീസിന് പുറമെ അഞ്ച് ലക്ഷം രൂപ വാർഷിക ഫീസ് നൽകി അധിക സമയം പ്രവർത്തിക്കാൻ ഇപ്പോൾ അനുമതിയുണ്ട്.

സ്വാതന്ത്ര്യ ദിനത്തിനും തിരുവോണത്തിനും അവധി വേണമെന്നതാണ് തൊഴിലാളി സംഘടനകളുടെ മറ്റൊരാവശ്യം. ബെവ്കോ ഷോപ്പുകൾക്ക് ഈ ദിവസങ്ങളിൽ അവധിയുണ്ട്. ബാർ തൊഴിലാളികൾക്ക് മിനിമം വേജസ് ഏർപ്പെടുത്തണമെന്നും ,ക്ഷേമനിധി വേണമെന്നും ആവശ്യമുയർന്നു. നിലവിൽ ഇ.പി.എഫ് ആനുകൂല്യം മാത്രമാണുള്ളത്.

സംഘടനകൾ മുന്നോട്ടു വച്ച മറ്റൊരു നിർദ്ദേശം ബാറുകളിൽ നിന്ന് മദ്യം പാഴ്സൽ നൽകാൻ അനുവദിക്കണമെന്നതാണ്. ഇതിന് നിലവിലെ അബ്കാരി ചട്ടങ്ങളിൽ മാറ്റം വരുത്തേണ്ടതടക്കം സങ്കീർണ്ണമായ നടപടികൾ വേണ്ടതിനാൽ സർക്കാർ അംഗീകരിച്ചേക്കില്ല.കള്ള് ഷാപ്പ് ലൈസൻസികളുമായും തൊഴിലാളികളുമായും 30 നും, ടൂറിസം മേഖലയിലെയും വ്യാവസായിക മേഖലയിലെയും പ്രതിനിധികളുമായി ഒക്ടോബർ ഒന്നിനും ചർച്ച നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA