SignIn
Kerala Kaumudi Online
Sunday, 18 October 2026 10.41 AM IST

കരുവന്നൂർ: കൺസോർഷ്യത്തിന്റെ നേതൃത്വം കേരള ബാങ്കിന് തന്നെ

kerala-bank

തൃശൂർ: വായ്പാത്തട്ടിപ്പിനെ തുടർന്ന് പ്രതിസന്ധിയിലായ കരുവന്നൂർ സഹകരണ ബാങ്കിന്റെ പുനരുദ്ധാരണത്തിനായി രൂപീകരിക്കുന്ന കൺസോർഷ്യത്തിന്റെ നേതൃത്വം

കേരള ബാങ്കിനെന്ന് ഉറപ്പായി. 150 കോടി മുടക്കാൻ കേരള ബാങ്ക് സന്നദ്ധത പ്രകടിപ്പിച്ചതായി അറിയുന്നു. ബാക്കിത്തുക കൺസോർഷ്യത്തിൽ അംഗങ്ങളാകുന്ന സഹകരണ സംഘങ്ങളിൽ നിന്ന് സമാഹരിക്കും. 300 കോടിയുടെ തട്ടിപ്പ് നടന്നതായാണ് അനൗദ്യോഗിക കണക്ക്. സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ ഇത് 226.77 കോടിയാണ്.

റിസർവ് ബാങ്കുമായി ബന്ധപ്പെട്ട നിയമതടസ്സവും ഭരണസമിതിയിലെ അഭിപ്രായവ്യത്യാസവും കാരണം കൺസോർഷ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിൽ നിന്ന് ഇടയ്ക്ക് കേരള ബാങ്ക് പിന്നോട്ട് പോയിരുന്നു. നിയമവശങ്ങൾ പരിശോധിച്ചതിൽ കേരള ബാങ്കിന് പണം മുടക്കാൻ തടസ്സമില്ലെന്ന് കണ്ടെത്തി. തുടർന്നാണ് വീണ്ടും കൺസോർഷ്യത്തിന് ശ്രമം തുടങ്ങിയത്. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഭൂരിഭാഗം സംഘങ്ങളും അനുകൂലിച്ചതായി അറിയുന്നു. കൺസോർഷ്യത്തിൽ ചേരാൻ സന്നദ്ധരായ ബാങ്കുകളുടെ പട്ടികയും അവരുടെ നിർദ്ദേശങ്ങളും തൃശൂർ ജോയിന്റ് രജിസ്ട്രാർ ഈയാഴ്ച രജിസ്ട്രാർക്ക് അയക്കും. തുടർന്ന് സർക്കാർ ഉത്തരവിറക്കുകയും ഫണ്ട് മാനേജ്‌മെന്റ് കമ്മിറ്റിയെയും മാനേജരെയും നിയമിക്കുകയും ചെയ്യും.


വിമർശനം കണ്ണ് തുറപ്പിച്ചു

സി.പി.എം നേതൃത്വത്തിലുള്ള കരുവന്നൂർ ബാങ്ക് തട്ടിപ്പ് പാർട്ടിയിൽ കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. തുടർന്നാണ് സംസ്ഥാന സമ്മേളനത്തിന് മുമ്പ് പ്രശ്‌നപരിഹാരത്തിന് തിരക്കിട്ട ശ്രമം. കരുവന്നൂർ സംഭവത്തെത്തുടർന്ന് വിശ്വാസം നഷ്ടപ്പെട്ട നിക്ഷേപകർ തൃശൂരിലെ വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് 1,000 കോടിയിലധികം പിൻവലിച്ചതായാണ് അനൗദ്യോഗിക കണക്ക്. മറ്റ് ജില്ലകളിലും പണം പിൻവലിച്ചിരുന്നു. ഇത് തുടർന്നാൽ സഹകരണ പ്രസ്ഥാനത്തിന് തിരിച്ചടിയാകുമെന്നത് കണക്കിലെടുത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള സംഘങ്ങളും കൺസോർഷ്യത്തിൽ ചേർന്നേക്കും. മുടക്കുമുതലിന് സർക്കാർ ഗ്യാരണ്ടി നൽകുമെന്നതും കേരള ബാങ്കിന്റെ നേതൃത്വവും കൺസോർഷ്യത്തിലുള്ള വിശ്വാസ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. പൊതുവിഷയം ആയതിനാൽ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നാണ് സി.പി.എം ഇതര ബാങ്കുകളുടെ നിലപാടെന്ന് അറിയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA