
കൊച്ചി: കശുഅണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ കോടതിയെ കുറ്റപ്പെടുത്തി സർക്കാർ ആദ്യമിറക്കിയ പ്രോസിക്യൂഷൻ അനുമതി ഉത്തരവിന്റെ പകർപ്പ് അന്നു തന്നെ പ്രതികളുടെ കൈവശമെത്തിയതിൽ വിമർശനം തുടർന്ന് ഹൈക്കോടതി.
ഉത്തരവിന്റെ പകർപ്പ് പ്രതികൾക്ക് അയച്ചുകൊടുത്തത് ഏതു മാർഗത്തിലാണെന്ന് വ്യക്തമാക്കാൻ ജസ്റ്റിസ് എ. ബദറുദ്ദീൻ വിജിലൻസിനോട് നിർദ്ദേശിച്ചു. രജിസ്റ്റേഡ് തപാൽ, ഇമെയിൽ, വാട്സാപ്പ് തുടങ്ങിയവയിൽ ഏതാണ് ഉപയോഗിച്ചതെന്ന് ഒരാഴ്ചയ്ക്കകം അറിയിക്കണം. രാജാവിനെക്കാൾ വലിയ രാജഭക്തിയാണുണ്ടായത്. അതിനാണ് ഉത്തരം വേണ്ടതെന്നും കോടതി പറഞ്ഞു.
വ്യവസായവകുപ്പ് ജൂലായ് രണ്ടിന് ഇറക്കിയ ഉത്തരവിന്റെ പകർപ്പ് കോടതിയിൽ സമർപ്പിക്കുന്നതിന് മുമ്പുതന്നെ പ്രതികളിൽ എത്തിയിരുന്നുവെന്ന് വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി പി.വി. വിനോദ് കുമാർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സ്ഥാപിതതാത്പര്യമാണ് വരികൾക്കിടയിൽ വ്യക്തമാകുന്നതെന്നും ഇവിടെയാണ് കാര്യങ്ങളുടെ കിടപ്പെന്നും കോടതി വാക്കാൽ പറഞ്ഞു. കോടതിയെ അധിക്ഷേപിക്കുന്ന ഉത്തരവു വച്ച് പ്രതിക്ക് വാർത്താസമ്മേളനം നടത്താനും അവസരമുണ്ടായി. വിചാരണാനുമതി ഉത്തരവ് പ്രതികൾക്ക് നൽകണമെന്ന് ഏത് നിയമപുസ്തകത്തിലാണുള്ളത്? അന്വേഷണ ഏജൻസിയും അനുമതി നൽകേണ്ട അധികാരിയും തമ്മിലുള്ള നടപടിയാണിത്. രേഖ കോടതിയിലെത്തിയ ശേഷം പ്രതിക്ക് വേണമെങ്കിൽ പകർപ്പ് ആവശ്യപ്പെടാം. ഈ കേസിലേത് ഗുരുതര സാഹചര്യമാണെന്നും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി. വിഷയം 11ന് വീണ്ടും പരിഗണിക്കും.
കോർപ്പറേഷൻ മുൻ ചെയർമാൻ ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി കെ.എ. രതീഷ് എന്നിവർ മുഖ്യപ്രതികളായ കേസിൽ സി.ബി.ഐയുടേതായിരുന്നു അന്വേഷണം. പ്രോസിക്യൂഷൻ അനുമതി ഉത്തരവ് ചോർന്നതിൽ അന്വേഷണമടക്കം ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജിയാണ് സിംഗിൾബെഞ്ച് പരിഗണിക്കുന്നത്. കോടതിയുടെ വിമർശനത്തെ തുടർന്ന് ആദ്യ ഉത്തരവ് പിൻവലിച്ച് സർക്കാർ പുതിയത് ഇറക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |