SignIn
Kerala Kaumudi Online
Sunday, 20 September 2026 3.39 AM IST

വിമാനയാത്രികനെ തട്ടിക്കൊണ്ടുപോയ കേസ്: എട്ട് പേർ കൂടി പിടിയിൽ

shiril

നെടുമ്പാശേരി: ഷാർജയിൽ നിന്നെത്തിയ വടക്കാഞ്ചേരി സ്വദേശി താജു തോമസിനെ (30) കഴിഞ്ഞ ഞായറാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ കേസിൽ എട്ട് പേർ കൂടി പൊലീസിന്റെ പിടിയിലായി. ഇതോടെ പിടിയിലായവരുടെ എണ്ണം ഒമ്പതായി.

ആലുവ കമ്പനിപ്പടി കോട്ടക്കകത്ത് ഔറംഗസീബ് (39), മാഞ്ഞാലി സ്വദേശികളായ താണിപ്പാടം ചന്തതോപ്പിൽ ഷിറിൽ (30), ചൂളക്കപ്പറമ്പിൽ ഷംനാസ് (22), മാവിൻചുവട് ചെറുപറമ്പിൽ മുഹമ്മദ് സാലിഹ് (25), കണ്ടാരത്ത് അഹമ്മദ് മസൂദ് (24), മാവിൻചുവട് മണപ്പാടത്ത് സക്കീർ (27), ആലങ്ങാട്ട് കംറാൻ എന്ന് വിളിക്കുന്ന റയ്‌സൽ (27), വലിയവീട്ടിൽ റിയാസ് (34) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്. പെരുമ്പാവൂർ മുടിക്കൽ ചെറുവേലിക്കുന്ന് പുതുക്കാടൻ ഇബ്രാഹിംകുട്ടിയെ നേരത്തേ പിടികൂടിയിരുന്നു.

താജു തോമസ് വിമാനത്താവളത്തിനു പുറത്തിറങ്ങി വിളിച്ച പ്രീപെയ്ഡ് ടാക്‌സിയിൽ രണ്ട് പേർ ബലമായി കയറുകയും വിമാനത്താവളത്തിനു പുറത്ത് പെട്രോൾ പമ്പിനു സമീപം അഞ്ച് കാറുകളിലായി എത്തിയവർ ടാക്‌സി വളഞ്ഞ് ഇയാളെ തട്ടിക്കൊണ്ടു പോവുകയുമായിരുന്നു. ഇയാളെ പിന്നീട് പെരുമ്പാവൂരുള്ള ലോഡ്ജിൽ കണ്ടെത്തി.

2019ൽ മുബാറക്ക് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് മുഹമ്മദ് സാലിഹും അഹമ്മദ് മസൂദും. ഔറംഗസീബിനെതിരെ കൊലപാതകം അടക്കം നിരവധി കേസുകളുണ്ട്. പ്രതികളുടെ പശ്ചാത്തലം പരിശോധിച്ച് കാപ്പ ഉൾപ്പെടെയുള്ള നിയമ നടപടികളെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

സ്വർണക്കടത്തുമായി ബന്ധം

കേസിൽ ഒമ്പത് പേരെ പിടികൂടിയെങ്കിലും പ്രതികളുടെ ലക്ഷ്യമെന്തെന്ന് പൊലീസ് വ്യക്തമാക്കുന്നില്ല. ആളുമാറി തട്ടിക്കൊണ്ടുപോയതാണെന്ന് പ്രതികൾ ആദ്യം പറഞ്ഞെങ്കിലും ഇത് ശരിയല്ലെന്ന് ബോദ്ധ്യമായി. വിദേശത്ത് നിന്ന് സ്വർണം കടത്തിയതുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോകലെന്നാണ് ലഭിക്കുന്ന സൂചന. മൂന്ന് പേർ കൂടി പിടിയിലാകാനുണ്ടെന്നും ഇവരെയും അറസ്റ്റ് ചെയ്തെങ്കിലേ തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ലക്ഷ്യം വ്യക്തമാകൂവെന്നുമാണ് പൊലീസ് പറയുന്നത്.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIDNAP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA