
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുടങ്ങുന്നതിനുള്ള ബിൽ പിൻവലിക്കാൻ സർക്കാർ ഉത്തരവിറക്കി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമസഭ അംഗീകരിച്ച ബില്ലിൽ ഗവർണറും രാഷ്ട്രപതിയും ഒപ്പു വച്ചിട്ടില്ല..
ബിൽ പിൻവലിക്കാനുള്ള പ്രമേയം അടുത്ത മാസം 12ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരാനാണ് നീക്കം. ഇത് ഗവർണർ വഴി കേന്ദ്ര സർക്കാരിനെ അറിയിക്കും. തുടർന്ന്, ഉന്നത വിദ്യാഭ്യാസ വകുപ്പ് പുതിയ സ്വകാര്യ സർവകലാശാല ബിൽ സമ്മേളനത്തിൽ അവതരിപ്പിക്കും.അധികാരത്തിലെത്തിയതിനു പിന്നാലെ, പുതിയ ബിൽ കൊണ്ടുവരുമെന്ന് വകുപ്പ് മന്ത്രി റോജി എംജോൺ പറഞ്ഞിരുന്നു.മുൻ സർക്കാർ പാസാക്കിയ ബില്ലിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നത് ഉൾപ്പെടെ നിരവധി അപാകതകൾ ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു.
സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു
ഫീസിളവും മറ്റാനുകൂല്യങ്ങളും നൽകുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയാവും സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നതിനുള്ള നിയമം നിർമ്മിക്കുക .സംവരണം അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കും. ഫീസ് ഘടന നിശ്ചയിക്കാൻ റഗുലേറ്ററി അതോറിറ്റിക്കും വ്യവസ്ഥയുണ്ടാകും. 25 കോടി നിക്ഷേപം, 25 ഏക്കർ ഭൂമി എന്നീ വ്യവസ്ഥകളിൽ ഇളവനുവദിക്കും. ഗവർണർ എതിർപ്പറിയിച്ച വ്യവസ്ഥകൾ ഒഴിവാക്കിയാൽ അംഗീകാരം നൽകുന്നതിനു തടസ്സമില്ലെന്നും, നിയമസഭ ഉടൻ ചേരുന്നില്ലെങ്കിൽ ഓർഡിനൻസ് ഇറക്കുന്നതിനു കുഴപ്പമില്ലെന്നുമാണ് ലോക്ഭവന്റെ നിലപാടെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |