SignIn
Kerala Kaumudi Online
Saturday, 20 June 2026 10.46 AM IST

കവടിയാർ കൊട്ടാരത്തിലെ കവർച്ച പല ദിവസങ്ങളിലായി?

READ ENGLISH VERSION
kowidiar

തിരുവനന്തപുരം: അമൂല്യ രത്നങ്ങളടക്കം രണ്ടുകോടി മൂല്യമുള്ള സ്വർണാഭരണങ്ങൾ കവടിയാർ കൊട്ടാരത്തിൽ നിന്ന് കവർന്നത് പല ദിവസങ്ങളിലായിട്ടാകാമെന്ന് പൊലീസിന് സംശയം. അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായിയുടെ രണ്ടാംനിലയിലെ കിടപ്പുമുറിയിലെ അലമാരയുടെ ഒരു വശത്തെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മാത്രമാണ് നഷ്ടപ്പെട്ടത്. മറുവശത്തുള്ള അറയിലും ആഭരണങ്ങളുണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. കൊട്ടാരവുമായി ബന്ധമുള്ളവരോ കൊട്ടാരത്തെക്കുറിച്ച് നന്നായി അറിയാവുന്നവരോ ആകാം കവർച്ചയ്ക്ക് പിന്നിലെന്ന സംശയവും പൊലീസിനുണ്ട്.

അതേസമയം, അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും. പേരൂർക്കട പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിനും മൊഴിയെടുപ്പിനും ശേഷമാകും ക്രൈംബ്രാഞ്ചിന് വിടുക. പൗരാണിക മൂല്യമുള്ള ആഭരണങ്ങൾ നഷ്ടപ്പെട്ടതുകൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷണമാണ് ഉചിതമെന്ന് വിലയിരുത്തിയാണിത്. വിശദമായ കണക്കെടുപ്പിൽ മോഷണം പോയ ആഭരണങ്ങളുടെ മൂല്യം ഉയരുമെന്നും സൂചനയുണ്ട്.

സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ഡി.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം കൊട്ടാരത്തിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. ഏതാനും ജീവനക്കാരെയും ചോദ്യംചെയ്തു. പരാതി ലഭിച്ചപ്പോൾ തന്നെ പേരൂർക്കട സ്‌റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസർ കൊട്ടാരത്തിലെത്തി അശ്വതി തിരുനാളിന്റെ പ്രാഥമിക മൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്നലെ വിശദമായ മൊഴിയെടുത്തു.

2025 നവംബറിൽ ബംഗളൂരുവിൽ പോകുന്നതിനു മുൻപ് അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായതായി അറിയുന്നതെന്ന് അശ്വതി തിരുനാൾ മൊഴി നൽകി. ചിത്തിര തിരുനാൾ രാജാവ് തനിക്ക് സമ്മാനമായി നൽകിയ ആഭരണങ്ങളടക്കം നഷ്ടപ്പെട്ടു. കൊട്ടാരത്തിൽ വിശദമായ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാതായതോടെയാണ് പരാതി നൽകിയതെന്നും പറഞ്ഞു.

4 കുടുംബങ്ങൾ

40 ജീവനക്കാർ

കൊട്ടാരത്തിലെ ജീവനക്കാരെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. വിദേശികളടക്കമുള്ള സന്ദർശകരെയും ചോദ്യം ചെയ്യും. നാല് കുടുംബങ്ങൾ കൊട്ടാരത്തിലുണ്ട്. 40 ഓളം ജീവനക്കാരുമുണ്ട്. ജീവനക്കാരെയാണ് പൊലീസ് പ്രധാനമായും സംശയിക്കുന്നത്. അതേസമയം, ജീവനക്കാരെ തടഞ്ഞുവയ്ക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് കൊട്ടാരം അധികൃതർ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സന്ദർശകരുടെ

പട്ടിക തയ്യാറാക്കി

ഒക്ടോബർ, നവംബർ മാസങ്ങളിൽ കൊട്ടാരത്തിലെത്തിയ മുഴുവൻ സന്ദർശകരുടെ പട്ടികയും പൊലീസ് തയ്യാറാക്കി. കൊട്ടാരത്തിൽ ഷൂട്ടിംഗിനെത്തിയ യൂട്യൂബർമാരും പട്ടികയിലുണ്ട്. ഈ കാലയളവിൽ വിദേശികളും കൊട്ടാരത്തിലെത്തിയിരുന്നു. ഇവരിൽ നിന്നു ഫോണിലൂടെ പ്രാഥമികമായി വിവരങ്ങൾ തേടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA