SignIn
Kerala Kaumudi Online
Sunday, 18 October 2026 10.38 AM IST

ലോക്ക്ഡൗണിൽ വീട്ടിലിരുന്ന് കരുതൽ

l

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം തീവ്രമായതോടെ രണ്ടാം ലോക്ക് ഡൗണിൽ വീടിനു പുറത്തിറങ്ങാതെ മലയാളികൾ സ്വയം പ്രതിരോധം തീർത്തു. പൊലീസിനും പണി കുറഞ്ഞു.

കഴിഞ്ഞ വർഷം മാർച്ചിലെ ആദ്യ ലോക്ക് ഡൗണിൽ നിന്ന് വ്യത്യസ്തമായി പൊതുനിരത്തിൽ ഇറങ്ങാതിരിക്കാൻ ബഹുഭൂരിപക്ഷവും തയ്യാറായതോടെ രോഗവ്യാപനം ഒരു പരിധിവരെ തടയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാരും ആരോഗ്യ പ്രവർത്തകരും. പൊലീസ് പുലർത്തുന്ന അതീവ ജാഗ്രതയും തുണയായി.

കഴിഞ്ഞ വർഷം മാർച്ച് 23ന് ആദ്യ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ പ്രതിദിന രോഗികൾ 28 ആയിരുന്നു. ചികിത്സയിൽ ഉണ്ടായിരുന്നത് 91പേരും. ഇന്നലെ രണ്ടാം ലോക്ക് ഡൗൺ തുടങ്ങുമ്പോൾ പ്രതിദിന രോഗികളുടെ എണ്ണം 41,000 കടന്നിരുന്നു. ചികിത്സയിൽ കഴിയുന്നവർ നാലു ലക്ഷത്തിലേറെയാണ്.

ഈ ഗുരുതര സാഹചര്യം നേരിടാൻ പൊലീസിന്റെ സുരക്ഷാ വലയത്തിലാണ് നാട്. അത്യാവശ്യ യാത്രകൾ മാത്രമാണ് അനുവദിച്ചത്.

പ്രധാന റോഡുകളിൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിയിരുന്നു. ഗ്രാമപ്രദേശത്തെ റോഡുകളിൽ റോന്തുചുറ്റൽ തുടർന്നു.

അവശ്യവസ്തുക്കൾ വില്ക്കുന്ന കടകൾ മാത്രമാണ് തുറന്നത്. പൊതുഗതാഗതം നിശ്ചലമാണ്. ട്രെയിൻ സർവീസുകൾ അപൂർവം. അവധി ബാധകമല്ലാത്ത അവശ്യസേവന മേഖലയിലെ ഓഫീസുകൾ മാത്രമാണ് പ്രവർത്തിച്ചത്

പരിശോധന മുറുകും

ഇന്നുമുതൽ പൊലീസ് പരിശോധനയില്ലാതെ ഒരാളെയും കടത്തിവിടില്ല.

സംസ്ഥാന അതിർത്തികളിൽ ബാരിക്കേഡ് സ്ഥാപിച്ചാണ് നിയന്ത്രിക്കുന്നത്. തമിഴ്നാട്ടിലും കൊവിഡ് രൂക്ഷമായതിനാൽ തെക്കൻ അതിർത്തിയായ കളിയിക്കാവിളയിൽ പരിശോധന കർശനമാണ്. ജില്ലാ അതിർത്തികളിലും ഇളവില്ല. കൊല്ലം- തിരുവനന്തപുരം അതിർത്തിയായ പാരിപ്പള്ളി കടമ്പാട്ടുകോണത്ത് ഇരു ജില്ലകളുടെയും പൊലീസിൻെറ നേതൃത്വത്തിലാണ് പരിശോധന. സത്യവാങ്മൂലമില്ലാത്ത ഒരാളെയും യാത്ര തുടരാൻ അനുവദിച്ചില്ല.നിബന്ധന ലംഘിച്ചവരുടെ വാഹനങ്ങൾ പിടിച്ചെടുത്തു.

മറ്റു ജില്ലകളിൽ

ആലപ്പുഴയിൽ ബോട്ട് സർവീസുകളടക്കം നിശ്ചലം. അഞ്ച് പഞ്ചായത്തുകളുടെ അതിർത്തികൾ കണ്ടയെൻമെന്റ് സോണാക്കി. ഗ്രാമപഞ്ചായത്തുകളിൽ സന്നദ്ധ സേവന പ്രവർത്തകർ ആവശ്യ സാധനങ്ങൾ വീടുകളിലെത്തിച്ചു. പത്തനംതിട്ടയിൽ പൊലീസിനൊപ്പം തദ്ദേശസ്ഥാപന പ്രതിനിധികളും നിയന്ത്രണത്തിനെത്തി.
രോഗബാധ അതീവ രൂക്ഷമായ എറണാകുളത്ത് 200 സ്ഥലത്തായിരുന്നു പരിശോധന. ഇടുക്കിയിലേക്കുള്ള റോഡ് അടച്ചു. ആലപ്പുഴ അതിർത്തിയായ അരൂരിൽ യാത്രാ നിയന്ത്രണം കടുപ്പിച്ചു. ഇടുക്കിയിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് തോട്ടം തൊഴിലാളികൾ എത്തുന്നത് തടഞ്ഞു. തൃശൂരും പാലക്കാടും കോഴിക്കോടും കണ്ണൂരും കാസർകോടും ബന്തിന്റെ പ്രതീതിയായിരുന്നു.

കർണ്ണാടകത്തിൽ നിന്നു വയനാട്ടിലെത്തുന്നവരുടെ എണ്ണം കുറഞ്ഞു. മലപ്പുറത്തും യാത്രക്കാർ കുറവ്. മത്സ്യത്തൊഴിലാളികൾ ബോട്ടുകൾ കരയ്ക്കടുപ്പിച്ച് വീടുകളിൽ കഴിയുകയാണ്.

സംസ്ഥാനത്തെ 2.5 ലക്ഷം ചരക്ക് ലോറികളും പലയിടത്തായി നിറുത്തിയിട്ടിരിക്കുകയാണ്.

കൊവിഡ് ഇന്നലെ

രോഗികൾ : 41,971

ടെസ്റ്റ് പോസിറ്റിവിറ്റി : 28.25

ചികിത്സയിൽ: 4,17,101

മരണം 64

കേസുകൾ ഇന്നലെ

മാസ്‌ക് ധരിക്കാത്തതിന്....... 21,534

അകലം പാലിക്കാത്തതിന്.... 13,839

ലഭിച്ച പിഴ............................. 76,18,100

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCKDOWN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA