SignIn
Kerala Kaumudi Online
Sunday, 14 June 2026 7.01 AM IST

ക്യാൻസറിനെ തോല്പിച്ച ചിരി; രോഗത്തെ അതിജീവിച്ച് നടൻ മണിയൻപിള്ള രാജു

READ ENGLISH VERSION

raju

തിരുവനന്തപുരം: ''എനിക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ ആദ്യമൊന്ന് ഞെട്ടി. ഒരു ഘട്ടത്തിലും പേടിക്കരുത്. മനസിനെ പറഞ്ഞ് പഠിപ്പിച്ചു. ധൈര്യത്തോടെ ചികിത്സയ്ക്ക് വിധേയനായി. ഇപ്പോഴിതാ രോഗം മാറി. പഴയ ആരോഗ്യത്തിലേക്ക് മടങ്ങുന്നു..."" ക്യാൻസറിനെ തോല്പിച്ച ചിരിയുമായി നടൻ മണിയൻപിള്ള രാജു. 'ഏതു രോഗമായാലും പേടിച്ചാൽ പോയി" മഹാരോഗത്തെ പടിയിറക്കിയതിന്റെ ആത്മവിശ്വാസം.

'ആറുമാസം മുമ്പായിരുന്നു അത്. ചെവിവേദന, തലവേദന. 12 തവണ ഇ.എൻ.ടി ഡോക്ടർമാരെ കണ്ട് മരുന്നു കഴിച്ചു. പല്ലിന്റെ കുഴപ്പമാണെന്നു കരുതി ചികിത്സിച്ചു. വേദന മാറുന്നില്ല. ഒരു ഡോക്ടർ പറഞ്ഞു, എം.ആർ.ഐ സ്കാൻ ചെയ്യണമെന്ന്. ആദ്യം മടിച്ചു. പിന്നീട് അത് ചെയ്തപ്പോഴാണ് രോഗം വ്യക്തമായത്".

തൊണ്ടയിൽ രണ്ടിടത്തായിരുന്നു രോഗബാധയുണ്ടായത്. ഒരു സർജറി, രണ്ട് കീമോ, 30 റേ‌ഡിയേഷൻ. രോഗം മാറി. മൂന്നു മാസമായി. ഇപ്പോൾ എരിവുകഴിക്കാൻ ബുദ്ധിമുട്ടാണ്. മറ്റ് പ്രശ്നങ്ങളൊന്നുമില്ല.

സർജറി ഉൾപ്പെടെ വേണ്ടിവരുമെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ പരിശോധനാഫലങ്ങൾ അമേരിക്കയിലുള്ള എന്റെ സുഹൃത്തുക്കളായ ഡോക്ടർമാർക്കുൾപ്പെടെ അയച്ചു കൊടുത്തു. അവരും പറഞ്ഞു. സ‌ർജറിയും റേഡിയേഷനുമൊക്കെ വേണം. രോഗം മാറും. ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ ചിലർ പറഞ്ഞു ആയുർവേദമാണ് നല്ലത്, ഹോമിയോപ്പതിയിൽ മരുന്നുണ്ട് എന്നൊക്കെ. ഞാൻ വഴങ്ങിയില്ല. ചികിത്സ തുടർന്നു. രോഗമുക്തിയെക്കുറിച്ച് അദ്ദേഹം വാചാലനായി.

കഥകൾ മെനഞ്ഞ്

പ്രചരിപ്പിക്കുന്നു

''ഞാനിപ്പോൾ വീണ്ടും ടിവി പരിപാടിക്കൊക്കെ പങ്കെടുക്കുന്നുണ്ട്. അടുപ്പക്കാരുടെ വിവാഹത്തിനടക്കം പോകുന്നു. അതൊക്കെ കാണുമ്പോഴാണ് ചിലർ എനിക്കെന്തോ മഹാരോഗമാണ്, ഞാനിതാ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന തരത്തിൽ കഥകൾ മെനഞ്ഞ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ക്യാൻസർ ചികിത്സയ്ക്കൊടുവിൽ മെലിയും. ശബ്ദത്തിൽ വ്യത്യാസം വരും. ആ കുറവുകളൊക്കെ പരിഹരിക്കാവുന്നത് മാത്രം.""- മണിയൻപിള്ള രാജു പറഞ്ഞു.

'അതൊരു ഗംഭീര

ചിത്രമായിരിക്കും"

മോഹൻലാലിനൊപ്പം അഭിനയിച്ച 'തുടരും"ആണ് പുറത്തിറങ്ങാനിരിക്കുന്ന മണിയൻപിള്ള രാജുവിന്റെ പുതിയ ചിത്രം. 'അതൊരു ഗംഭീര ചിത്രമായിരിക്കും" എന്ന് മണിയൻപിള്ള രാജുവിന്റെ കമന്റ്. മോഹൻലാലിനെ നായകനാക്കി ഒരു സിനിമ നിർമ്മിക്കാനും പ്ലാനുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANIYANPILLAI RAJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA