SignIn
Kerala Kaumudi Online
Saturday, 19 September 2026 3.03 AM IST

അഡ്മിനിസ്ട്രേറ്റർ ചാർജെടുത്തു മലബാർ മിൽമയിലും നെയ്യ് അഴിമതി; ഭരണസമിതി പിരിച്ചുവിട്ടു

1

തിരുവനന്തപുരം:സാമ്പത്തികക്രമക്കേടുകളും ധനദുർവിനിയോഗവും കണ്ടെത്തിയതോടെ, ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള മിൽമ മലബാർ മേഖലയൂണിയൻ പിരിച്ചുവിട്ടു.

ഫെഡറേഷൻ ചെയർമാൻ കൂടിയായ കെ.എസ്.മണിയുടെ നേതൃത്വത്തിലുള്ള ബോർഡിനെയാണ്, മലബാർ റൂറൽ ഡെവലപ്മെന്റ് ഫൗണ്ടേഷനിലെ(എം.ഡി.ആർ.എഫ് )ക്രമക്കേടുകൾ സംബന്ധിച്ച പരാതിയിൽ പിരിച്ചുവിട്ടത്.

അഡ്മിനിസ്ട്രേറ്ററായി ക്ഷീരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വർക്കിജോർജ്ജ് ചുമതലയേറ്റു.
മലപ്പുറം ഡയറിയിലെ മാർക്കറ്റിംഗ് പ്രോഡക്ട്സ് സ്റ്റോറിൽ നിന്നും 84,45,000 രൂപയുടെ നെയ്യ് ഉൾപ്പടെയുള്ളവയുടെ സ്റ്റോക്കിൽ തിരിമറിയും മോഷണവും നടത്തിയെന്നും കാസർകോട് ഡയറിയിലേക്ക് ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചതിലൂടെ 27,45,000 നഷ്ടംവരുത്തിയെന്നും ക്ഷീരവികസനഡയറക്ടറുടെ റിപ്പോർട്ടിലുണ്ട്. എം.ഡി.ആർ.എഫ് രൂപീകരിച്ച ശേഷം ഓഡിറ്റ് ചെയ്ത കണക്ക് അവതരിപ്പിച്ചില്ല. പ്രതിവർഷം 68 മുതൽ 72 വരെ കോടി രൂപയാണ് വിറ്റുവരവ്.

കാസർകോട് ഡയറിയിലേക്ക് സമ്പത്റാവുദേശ്‌മുഖ് യൂണിയനിൽനിന്ന് രാസവസ്തുക്കളുളള 33,062 ലിറ്റർ പാൽ സംഭരിച്ചതിലൂടെ 27,45,000 നഷ്ടമുണ്ടായി. ഈതുക കുറ്റക്കാരിൽ നിന്നും പിടിച്ചെടുക്കാതെ കണക്കിൽ കുറവ് ചെയ്തു. മലപ്പുറം ഡയറിയിലെ നെയ്യ് ഉൾപ്പടെയുള്ള സ്റ്റോക്കിൽ 84,45,000 രൂപയുടെ ക്രമക്കേടുണ്ടായി. ഇൻവോയിസ്, ഗേറ്റ്പാസ് എന്നിവ എഡിറ്റ് ചെയ്തും ക്യാൻസലാക്കിയുമായിരുന്നു മോഷണം. മലപ്പുറം ഡയറിക്ക് അനുവദിച്ച 50 ലക്ഷത്തിന്റെ ഗ്രാൻഡ് ലഭിക്കാനുള്ള ധാരണാപത്രം ഒപ്പുവയ്‌ക്കാനുളള ചടങ്ങിനായി 25 ലക്ഷവും മലപ്പുറം ഡയറിയുടെ ഉദ്‌ഘാടനത്തിനായി ഒന്നരക്കോടിയും ചെലവാക്കി. തിരിമറി തടയാൻ മാനേജിംഗ് ഡയറക്ടർ ശ്രമിച്ചിട്ടില്ലെന്നും എം.ഡിക്കെതിരെ നടപടിയെടുത്തില്ലെന്നും റിപ്പോർട്ടിലുണ്ട്.

കാരണംകാണിക്കൽ നോട്ടീസ് നൽകാതെയാണ് പിരിച്ചുവിടൽ. ഇതോടെ, എൽ.ഡി.എഫിന് ഫെഡറേഷൻ ചെയർമാൻ സ്ഥാനവും നഷ്ടമായി. തിരുവനന്തപുരം യൂണിയനും നേരത്തെ പിരിച്ചുവിട്ടിരുന്നു. തിരുവനന്തപുരം, എറണാകുളം, മലബാർ യൂണിയനുകൾ ചേർന്നതാണ് ഫെഡറേഷൻ. എറണാകുളത്ത്കോൺഗ്രസ് ഭരണസമിതിയാണ്. ഭൂരിപക്ഷം അംഗങ്ങളും പുറത്തായതോടെ ഫെഡറേഷനും അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MILMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA