SignIn
Kerala Kaumudi Online
Saturday, 20 June 2026 2.08 AM IST

നിതിൻ രാജിന്റെ മരണം: ഡോ. റാമിന് മുൻകൂർ ജാമ്യം നിഷേധിച്ചു

n

കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശി നിതിൻരാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ കേസിൽ പ്രതിയായ അദ്ധ്യാപകൻ ഡോ. എം. റാമിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി. മുൻകൂർ ജാമ്യം നിഷേധിച്ച തലശേരി പ്രത്യേക കോടതി വിധി ശരിവച്ചാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.

അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാം.

ഹർജിക്കാ‌രനെതിരേ പട്ടികജാതിവർഗ പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാനിലനിൽക്കും. ഹർജിക്കാരൻ അധിക്ഷേപിച്ചിട്ടില്ലെന്നും ലോൺ ആപ്പിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിലെ ഭീഷണിയാണ് മരണ കാരണമെന്നും പ്രതി ഭാഗം വാദിച്ചു. ഇതു തള്ളിയ ഹൈക്കോടതി, നിതിന്റെ സഹപാഠികളായ ആർച്ച, ഫാരിസ്, നാസിം, സൈന എന്നിവരുടെ മൊഴികൾ പരിശോധിച്ചു.

ക്ലാസിലുള്ള പട്ടികളിൽ ഏറ്റവും മോശം പട്ടിയാണ് നിതിനെന്ന് അധിക്ഷേപിച്ചതിനും വിഡ്ഢിയെന്നു വിളിച്ചതിനും നിതിന്റെ ഉത്തരക്കടലാസ് പരസ്യമായി വായിപ്പിച്ച് അസംബന്ധമാണെന്ന് പറഞ്ഞതിനും സാക്ഷികളാണെന്ന് ഇവർ പറഞ്ഞു. സംവരണത്തിന്റെ ബലത്തിലല്ലേ കോളേജിൽ പ്രവേശനം കിട്ടിയതെന്ന് ആക്ഷേപിച്ചതായി നിതിൻ സഹോദരിയോടും പറഞ്ഞു. പഠനം നിറുത്താനും ആലോചിച്ചിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഏപ്രിൽ 10ന് പ്രിൻസിപ്പലിന്റെ മുറിയിൽ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജീവനൊടുക്കിയത്. 15, 000 രൂപയുടെ വായ്പയുടെ പേരിൽ ആത്മഹത്യ ചെയ്തെന്ന വാദം ഉൾക്കൊള്ളാനാകില്ല.

ക്രൂരത കാട്ടുന്ന

അദ്ധ്യാപകർ

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ അദ്ധ്യാപകർ വിദ്യാർത്ഥികളെ അധിക്ഷേപിക്കുന്നതും ഇന്റേർണൽ/പ്രാക്ടിക്കൽ മാർക്കിന്റെ പേരിൽ ഭീഷണിപ്പെടുത്തുന്നതും ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഉത്തരവിൽ പറയുന്നു. നല്ല അദ്ധ്യാപർക്കും ഇക്കൂട്ടർ ഭീഷണിയാണ്. ഹൗസ് സർജന്മാരേയും പി.ജി. വിദ്യാർത്ഥികളേയും രാപ്പകൽ ജോലി ചെയ്യിക്കുന്നു. ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിയാറില്ല. ഇത്തരം കാര്യങ്ങളിൽ പേടി കൂടാതെ പരാതിപ്പെടാൻ സ്വതന്ത്ര പരാതി പരിഹാര സംവിധാനമുണ്ടാകണം. ഇന്ത്യൻ മെഡിക്കൽ കമ്മിഷനും കേന്ദ്ര- സംസ്ഥാന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളും ബന്ധപ്പെട്ട സർവകലാശാലകളും ഇതിന് നടപടിയെടുക്കണം.

മാദ്ധ്യമങ്ങൾക്ക്

പ്രശംസ

ഡോ. റാം മാദ്ധ്യമ വിചാരണയുടെ ഇരയാണെന്ന വാദം കോടതി തള്ളി. അധികാരികൾ മൂടിവയ്ക്കുന്നത് പുറത്തു കൊണ്ടുവരാനും തിരുത്താനും മാദ്ധ്യമങ്ങളുടെ പങ്ക് പ്രശംസനീയമാണെന്ന് ഉത്തരവിൽ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NITHINRAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA