
ശിവഗിരി: വി.ഡി.സതീശൻ സർക്കാരിൻറെ ആദ്യ ബജറ്റ് ശിവഗിരി മഠത്തിനും ശ്രീനാരായണ പ്രസ്ഥാനത്തിനും അധ:സ്ഥിത പിന്നാക്ക വിഭാഗങ്ങൾക്കും പ്രതീക്ഷ നൽകുന്നതാണെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ.പിന്നാക്ക, പട്ടികജാതി ,പട്ടിക വർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും, സംസ്ഥാനത്തെ ആത്മീയ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനും ഗണ്യമായ തുക വകയിരുത്തിയതിന് മുഖ്യമന്ത്രിയെ അദ്ദേഹം അഭിനന്ദിച്ചു.
ശിവഗിരി തീർത്ഥാടന പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ കൺവെൻഷൻ സെന്ററിന്റെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപ അനുവദിച്ചതിന് പ്രത്യേക നന്ദി രേഖപ്പെടുത്തിയ സ്വാമി,ഡൽഹിയിൽ ശ്രീനാരായണ ഗുരുദേവ സ്മാരകം സ്ഥാപിക്കുന്നതിനും പട്ടത്തെ ആർ. ശങ്കർ സ്മാരകത്തിനും ഒരു കോടി രൂപ വീതം അനുവദിച്ചതിനെയും അഭിനന്ദിച്ചു. പട്ടിക വിഭാഗങ്ങളുടെ ക്ഷേമത്തിന് 800 കോടി രൂപയും ന്യൂനപക്ഷ വിഭാഗങ്ങളുടെ വികസനത്തിന് 77 കോടി രൂപയും വകയിരുത്തി..അടുത്തിടെ മുഖ്യമന്ത്രി ശിവഗിരി സന്ദർശിച്ച വേളയിൽ മഠത്തിൻറെ വികസനത്തിനും ടൂറിസം സംബന്ധമായ പദ്ധതികൾക്കുമായി സമർപ്പിച്ച നിവേദനങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് അറിയിച്ചിരുന്നു.
പിന്നാക്ക ,പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിന് മുൻ ബജറ്റുകളിൽ വകയിരുത്തിയിരുന്ന ഫണ്ടുകൾ പലപ്പോഴും ലാപ്സായിട്ടുണ്ട്. ഈ ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിക്കപ്പെടണം.ശിവഗിരി മഠത്തോടും,പിന്നാക്ക ജനവിഭാഗങ്ങളോടും ബഡ്ജറ്റിൽ അനുഭാവം പുലർത്തിയതിന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ,ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ സർക്കാരിന് നന്ദി രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |