SignIn
Kerala Kaumudi Online
Friday, 09 October 2026 12.55 AM IST

വിട,​ ഡിയർ നാന...

s

ഗോവ: അരനൂറ്റാണ്ടോളം നീണ്ട അഭിനയ ജീവിതം,​ കരുത്തുറ്റ ഒട്ടനവധി കഥാപാത്രങ്ങൾ. അതുല്യ നടൻ നാന പടേക്കർ (75)​ ഇനി ഓർമ്മ. ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ ദോന പൗളയിലുള്ള വസതിയിൽ ഇന്നലെ പുല‌ർച്ചെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. മണിപ്പാൽ ആശുപത്രിയിലെത്തിച്ച് 45 മിനിട്ടോളം സി.പി.ആർ നൽകിയെങ്കിലും രക്ഷിക്കാനായില്ല. 5.20ഓടെ മരണം സ്ഥീരികരിച്ചു.

പൂനെയിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിൽ ഇന്നലെ രാത്രി ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി,​ നടന്മാരായ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ,​​ മമ്മൂട്ടി,​ മോഹൻലാൽ തുടങ്ങി സിനിമ,​ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

1951 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ റായ്‌‌ഗഡിലാണ് വിശ്വനാഥ് പടേക്കർ എന്ന നാനാ പടേക്കറുടെ ജനനം. മറാത്തി നാടകരംഗത്ത് സജീവമായിരുന്ന അദ്ദേഹം,​ 1978ൽ പുറത്തിറങ്ങിയ ഗമൻ എന്ന ഹിന്ദി സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. പിന്നീട് മറാഠി,​ ഹിന്ദി സിനിമകളിൽ സജീവ സാന്നിദ്ധ്യമായി. സലാം ബോംബെ,​ പരിന്ദ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. പരിന്ദയിലെ അണ്ണാ സേത്ത് എന്ന കഥാപാത്രത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു. തീവ്രമായ അഭിനയശൈലിയിലൂടെയും ഗാംഭീര്യമുള്ള ശബ്ദത്തിലൂടെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ വേറിട്ടുനിന്നു. പ്രഹാർ: ദ ഫൈനൽ അറ്റാക്ക് എന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്തു. രജനികാന്തിനൊപ്പം കാല എന്ന തമിഴ് ചിത്രത്തിലും വേഷമിട്ടു. പ്രഹാർ എന്ന ചിത്രത്തിനുവേണ്ടി സൈനിക പരിശീലനം നേടിയ അദ്ദേഹം,​ കാർഗിൽ യുദ്ധകാലത്ത് അതിർത്തിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സാമൂഹിക പ്രവർത്തകനുമായിരുന്ന നാന പടേക്കർ,​ കർഷകരുടെ ക്ഷേമത്തിനായി നാം ഫൗണ്ടേഷൻ സ്ഥാപിച്ചു. മൂന്നുതവണ ദേശീയ പുരസ്കാരവും നാലുതവണ ഫിലിം ഫെയർ അവാർഡുമുൾപ്പെടെ നിരവധി നേട്ടങ്ങൾ തേടിയെത്തി. 2013ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.

ഭാര്യയുമായി വേ‌ർപിരിഞ്ഞു. മകൻ മൽഹാർ പടേക്കർ അസിസ്റ്റന്റ് ഡയറക്ടറാണ്. മറ്റൊരു മകൻ ദുർവാസ പടേക്കർ രണ്ടുവയസുള്ളപ്പോൾ അസുഖം ബാധിച്ച് മരിച്ചു.

സുഖമില്ല: സുഹൃത്തിന്

അവസാന സന്ദേശം

മരണത്തിനു മൂന്നുമണിക്കൂർ മുമ്പ്, തനിക്ക് സുഖമില്ലെന്നുപറഞ്ഞ് പടേക്കർ സുഹൃത്തിനു മെസേജ് അയച്ചിരുന്നു. ഉറക്കത്തിലായതിനാൽ സുഹൃത്ത് ശ്രദ്ധിച്ചില്ല. നാലോടെ സുഹൃത്തിനെ വിളിച്ചു. അദ്ദേഹമെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA