
തിരുവനന്തപുരം: മരിച്ചാലും വിടില്ല. വെന്റിലേറ്ററിൽ കിടത്തും. ലക്ഷങ്ങൾ ബില്ല് ചുമത്തും. സ്വകാര്യ ആശുപത്രികളിൽ മരണശേഷവും വെന്റിലേറ്റർ മാറ്റാതെയുള്ള ചികിത്സാചൂഷണം വർദ്ധിക്കുന്നതായി ഇന്നലെ ആരോഗ്യമന്ത്രി കെ.മുരളീധരൻ തന്നെ തുറന്നടിച്ചതോടെ, ചികിത്സക്കൊള്ളയിൽ ആശങ്ക പെരുകി. പരാതികൾ കിട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഹൃദയ ചികിത്സയുടെ പേരിൽ ആൻജിയോപ്ലാസ്റ്റി അടിച്ചേൽപ്പിച്ച് ആശുപത്രികൾ നേട്ടമുണ്ടാക്കുന്നതായി മുഖ്യമന്ത്രി വി.ഡി.സതീശൻ ചൂണ്ടിക്കാട്ടിയിരുന്നു. സ്വകാര്യ ആശുപത്രികളുടെ ഈ പ്രവണത തുറന്നുകാട്ടി കേരളകൗമുദി കഴിഞ്ഞദിവസം റിപ്പോർട്ട് നൽകി. അതിനുപിന്നാലെയാണ് ആരോഗ്യമന്ത്രിയും രംഗത്തെത്തിയത്.
വെന്റിലേറ്റർ ഉപയോഗത്തിലൂടെ നിരവധിപ്പേർ ഐ.സിയുവിൽനിന്ന് ജീവിതത്തിലേക്ക് മടങ്ങാറുണ്ട്. എന്നാൽ, പല ആശുപത്രികളിലും മസ്തിഷ്‌കമരണമടക്കം സംഭവിച്ചാലും അത് മറച്ചുവച്ച് ദിവസങ്ങളോളം വെന്റിലേറ്റർ നൽകി ഭീകരമായ തുക ഈടാക്കുന്നുവെന്ന പരാതി ശക്തമാണ്. ദുരുപയോഗം ഭയന്ന് 'താൻ ആശുപത്രിയിലായാൽ വെൻറിലേറ്റർ വേണ്ടെന്ന്" ഉറ്റവരോട് പറയുന്നവർ പോലുമുണ്ട്.
ജീവൻ രക്ഷിക്കും, പക്ഷേ...
ശ്വാസമെടുക്കാൻ കഴിയാതെവരുന്ന രോഗിക്കാണ് വെന്റിലേറ്റർ സഹായം വേണ്ടത്. ശരീരത്തിൽ ഓക്‌സിജന്റെ അളവ് കുറയുമ്പോഴും ഉപയോഗിക്കാറുണ്ട്. ഇതിലൂടെ ആവശ്യമായ ഓക്‌സിജൻ നിയന്ത്രിത തോതിൽ നൽകാൻ കഴിയും.
വെന്റിലേറ്റർ ഉൾപ്പെടെ ഐ.സി.യു ചികിത്സയ്ക്ക് ആശുപത്രികളിൽ വ്യത്യസ്ത നിരക്കാണ്. 30,000- 35,000 രൂപവരെ പ്രതിദിനം ഈടാക്കുന്ന ആശുപ്രതികളുണ്ട്.
ആൻജിയോപ്ലാസ്റ്റി വിഷയത്തിലെന്നപോലെ വെന്റിലേറ്ററുമായി ബന്ധപ്പെട്ടും അടിസ്ഥാനമില്ലാതെയുള്ള അഭിപ്രായങ്ങളോട് യോജിക്കാനാവില്ല. തെളിവുണ്ടെങ്കിൽ അന്വേഷിക്കട്ടെ. അല്ലാതെയുള്ള പ്രതികരണങ്ങൾ ചികിത്സാസംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും.
-ഡോ. എം.എൻ.മേനോൻ
ഐ.എം.എ സംസ്ഥാന പ്രസിഡന്റ്
----------------
ചില സ്വകാര്യ ആശുപത്രികളിൽ മരണശേഷം രണ്ടു ദിവസംവരെ വെന്റിലേറ്ററിൽ കിടത്തി കൂടുതൽ പണം ഈടാക്കുന്നു. എല്ലാ ആശുപത്രികളും അങ്ങനെയല്ല. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ വേണമെന്ന് ആരോഗ്യവകുപ്പ് തീരുമാനിച്ചതും ബില്ലിന് രൂപംനൽകുന്നതും.
-കെ.മുരളീധരൻ,
ആരോഗ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |