SignIn
Kerala Kaumudi Online
Friday, 09 October 2026 1.42 AM IST

സോഷ്യോ വാസു അന്തരിച്ചു

READ ENGLISH VERSION
vasu

കോഴിക്കോട്: സ്വാതന്ത്ര്യസമരസേനാനി പി. വാസു (സോഷ്യോ വാസു-104) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ ചെറുവണ്ണൂരിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഗോതീശ്വരം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

1923 ജനുവരി 14ന് ചെറുവണ്ണൂർ പുതിയപറമ്പിൽ അപ്പുവിന്റെയും അമ്മുവിന്റെയും മകനായാണ് ജനിച്ചത്. 1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി കുണ്ടായിത്തോട് മുതൽ ചെറുവണ്ണൂർ വരെ ജാഥ നയിച്ചു. തുടർന്ന് ബ്രിട്ടീഷ് പൊലീസിന്റെ അറസ്റ്റിനും മർദ്ദനത്തിനും ഇരയായി. മൂന്നര മാസം തടവുശിക്ഷ അനുഭവിച്ചു.
1948ൽ കോൺഗ്രസ് വിട്ട് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നു. കോഴിക്കോട്ട് നടന്ന ചടങ്ങിൽ ജയപ്രകാശ് നാരായണനിൽ നിന്നാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. 1959ൽ സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് നടന്ന കോയമ്പത്തൂർ കളക്ടറേറ്റ് പിക്കറ്റിംഗിനിടെ അറസ്റ്റിലായി. രണ്ടുമാസം കോയമ്പത്തൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. അടിയന്തരാവസ്ഥാക്കാലത്ത് ഫറോക്ക് പോസ്റ്റ് ഓഫീസ് ഉപരോധിച്ചതിന് പൊലീസ് മർദ്ദനത്തിനിരയായി.

സ്വാതന്ത്ര്യസമരത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 1997ൽ രാഷ്ട്രപതി കെ.ആർ. നാരായണനിൽ നിന്ന് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി. കാലിക്കറ്റ് സർവകലാശാലയുടെ ഗാന്ധിയൻ ചെയർ അവാർഡും നേടിയിട്ടുണ്ട്.

പരേതയായ കരിങ്കലായ് മണ്ണാരയ്ക്കൽ സരോജിനിയാണ് ഭാര്യ. മക്കൾ: രമേഷ് ബാബു (റിട്ട. കാലിക്കറ്റ് യൂണിവേഴ്സിറ്റി), രാജ നാരായണൻ (റിട്ട. അഗ്രികൾച്ചർ യൂണിവേഴ്സിറ്റി, തൃശൂർ), പരേതരായ ഗണേഷ് ബാബു (റിട്ട. റെയിൽവേ), മധുലിമായ (റിട്ട.സർവേ ലാൻഡ് റെക്കോർഡ് റവന്യു). മരുമക്കൾ: ഗീതകുമാരി (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), ശ്രീശൈല (റിട്ട. കാലിക്കറ്റ് സർവകലാശാല), ലീന (ഐ.എച്ച്.ആർ.ഡി കാക്കനാട്), ശ്രീരഞ്ജിനി (അദ്ധ്യാപിക, കുത്ത്ബു സമാൻ ഹൈസ്കൂൾ, ചെമ്മാട്).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA