
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ വാദം ഹൈക്കോടതി തള്ളിയതോടെ കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. സി.ബി.ഐ അന്വേഷണ ആവശ്യം തള്ളിയതോടെ നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ച കേസ് ഡയറി വിട്ടു കിട്ടുന്നതിന് അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ എ.സി.പി ടി.കെ രത്നകുമാർ അപേക്ഷ നൽകും.
കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ജീവനൊടുക്കിയത് 2023 ഒക്ടോബർ 14ന് നടന്ന യാത്രയയപ്പ് യോഗത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അധിക്ഷേപിച്ചതു കാരണമാണെന്നാണ് കുറ്റപത്രം നൽകുന്ന സൂചന. അതിനാൽ ദിവ്യമാത്രമാണ് കേസിലെ പ്രതി. നവീനെതിരെ കൈകൂലിയാരോപണം ഉന്നയിച്ച ശ്രീകണ്ഠാപുരം ചെങ്ങളായി സ്വദേശി ടി.വി.പ്രശാന്തനെ കേസിൽ പ്രതി ചേർത്തിട്ടില്ല. ആത്മഹത്യാ പ്രേരണയാണ് ദിവ്യയ്ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. കേസ് ഡയറി കിട്ടിയാലുടൻ കുറ്റപത്രത്തിന് അന്തിമരൂപം നൽകും.
ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കുക. അന്വേഷണത്തിൽ പിഴവുകളില്ലെന്നാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ നിരീക്ഷണം. ഈ സാഹചര്യത്തിലാണ് ഉടൻ കുറ്റപത്രം നൽകാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
ഡി.ഐ.ജി. ജി.എച്ച്.യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തീകരിച്ചത്. സിറ്റി പൊലീസ് കമ്മിഷണർ നിധിൻരാജ്,എ.സി.പി ടി.കെ.രത്നകുമാർ.ടൗൺ എസ്.എച്ച്.ഒ ശ്രീജിത്ത് കൊടേരി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. കൊലപാതകമെന്ന കുടുംബത്തിന്റെ പരാതി പരിഗണിച്ചും അന്വേഷണം നടന്നിരുന്നു. ഒരാഴ്ചക്കുള്ളീൽ കുറ്റപത്രം തയ്യാറാക്കി ഡി.ഐ.ജിയുടെ പരിശോധനയ്ക്ക് ശേഷം കോടതിയിൽ സമർപ്പിക്കാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |