SignIn
Kerala Kaumudi Online
Saturday, 12 September 2026 6.16 AM IST

എൻ.സി.പി ഫോൺ വിവാദം, ഇരയുടെ പിതാവടക്കം 4 പേർക്ക് സസ്പെൻഷൻ . മന്ത്രി ജാഗ്രത കാട്ടിയില്ലെന്ന് വിമർശനം

sasee

തിരുവനന്തപുരം: പീഡനപരാതി ഒതുക്കിത്തീർക്കാൻ ഇടപെട്ടുവെന്ന വിവാദത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ നിരപരാധിയെന്ന് എൻ.സി.പി സംസ്ഥാന നേതൃത്വം നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മിഷൻ വിലയിരുത്തി. അന്വേഷണറിപ്പോർട്ടിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ യുവതിയുടെ പിതാവും പാർട്ടി കുണ്ടറ ബ്ലോക്ക് പ്രസിഡന്റുമായ ബെനഡിക്ട് ഉൾപ്പെടെ നാല് പേരെ കൂടി സസ്പെൻഡ് ചെയ്യാൻ ഇന്നലെ ചേർന്ന എൻ.സി.പി സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചു. ഇതോടെ സസ്പെഷനിലായവർ ആറുപേരായി. വിഷയത്തിൽ മന്ത്രിക്ക് ഇടപെടാതിരിക്കാമായിരുന്നെന്നും ജാഗ്രതക്കുറവുണ്ടായെന്നും റിപ്പോ‌ർട്ടിലുണ്ട്. ഭാരവാഹിയോഗത്തിലും മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്ന വിമർശനമുയർന്നു.

എൻ.സി.പി സംസ്ഥാന നിർവാഹകസമിതി അംഗം പത്മാകരനെയും ട്രേഡ് യൂണിയൻ നേതാവ് രാജീവിനെയും നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. പത്മാകരനെതിരെയാണ് യുവതിയുടെ പരാതിയുള്ളത്. ഇന്നലെ ബെനഡിക്ടിനു പുറമേ പാർട്ടി സംസ്ഥാന സമിതി അംഗം പ്രദീപ്, മഹിളാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിറ്റോ, എൻ.വൈ.സി കൊല്ലം ജില്ലാ പ്രസിഡന്റ് ബിജു എന്നിവരാണ് സസ്പെൻഷനിലായത്.

ബെനഡിക്ട് ആണ് മന്ത്രിയുടെ ഫോൺ കാൾ റെക്കാഡ് ചെയ്തതും അത് മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതുമെന്ന് അന്വേഷണ കമ്മിഷൻ കണ്ടെത്തി. ബെനഡിക്ട് നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണെന്നും അച്ചടക്കത്തിന്റെ കൂടി ഭാഗമായാണ് നടപടിയെന്നും എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പറഞ്ഞു.

സംസ്ഥാനസമിതി അംഗമായ പ്രദീപ് മന്ത്രിയുമായി അടുത്ത ബന്ധമുള്ളയാളാണ്. ആ ബന്ധമുപയോഗിച്ച് മന്ത്രിയെക്കൊണ്ട് ഇയാൾ ഫോൺ ചെയ്യിപ്പിക്കുകയായിരുന്നു. യുവജനവിഭാഗം നേതാവ് ബിജുവും ഗൂഢാലോചനയിൽ പങ്കാളിയായി. മഹിളാ നേതാവായ ഹണി വിറ്റോ ഫോൺസന്ദേശം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.

മന്ത്രിയെ കുടുക്കാൻ ഗൂഢാലോചനക്കാരെ പ്രേരിപ്പിച്ചതെന്തെന്ന് കൂടുതൽ അന്വേഷണത്തിലൂടെയേ വെളിപ്പെടൂവെന്ന് പി.സി. ചാക്കോ പറഞ്ഞു. മന്ത്രി ശശീന്ദ്രൻ എൻ.സി.പിയുടെ മുതിർന്ന നേതാവാണ്. ഇത്തരം കാര്യങ്ങളിൽ ഇടപെടരുതെന്ന് പറയാനാവില്ല. പക്ഷേ, ഇടപെടുമ്പോൾ ജാഗ്രത ഉണ്ടാകണം.

ഭാവിയിൽ ഇത്തരം പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ പെരുമാറ്റച്ചട്ടം കൊണ്ടുവരാനും തീരുമാനിച്ചു. പ്രാദേശിക, ജില്ലാ നേതാക്കൾ നേരിട്ട് മന്ത്രിയോട് സ്ഥാനക്കയറ്റത്തിലോ സ്ഥലംമാറ്റത്തിലോ ശുപാർശ ചെയ്യരുത്. സംസ്ഥാന കമ്മിറ്റി ഓഫീസിൽ കാര്യമറിയിക്കണം. സംസ്ഥാന നേതൃത്വം മന്ത്രിയുമായി കാര്യങ്ങൾ സംസാരിക്കും. ശശീന്ദ്രൻ തെറ്റ് ചെയ്യാത്തതിനാൽ രാജി വയ്ക്കേണ്ടില്ലെന്നും പാ‌ർട്ടി തീരുമാനിച്ചു.

പത്തിന കർമ്മപരിപാടി

പാർട്ടി പ്രവർത്തനത്തിന് പത്തിന കർമ്മപരിപാടിക്ക് എൻ.സി.പി രൂപം നൽകി. 140 നിയോജകമണ്ഡലങ്ങളിലും പാർട്ടി ഓഫീസുകൾ തുറക്കും. 14 ജില്ലാ ഓഫീസുകളും ആധുനികവത്കരിക്കും. ക്രിമിനൽ കേസുകളിൽ പെട്ടവർ പാർട്ടിയിലുണ്ടാവില്ല. പാർട്ടി അംഗത്വത്തിന് ഡിജിറ്റൽ മെമ്പർഷിപ്പ് സംവിധാനം. മിസ്ഡ് കാൾ അംഗത്വം. സ്ത്രീധനം വാങ്ങുന്നവർക്കും കൊടുക്കുന്നവർക്കും പാർട്ടി അംഗത്വമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NCP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA