SignIn
Kerala Kaumudi Online
Monday, 28 September 2026 7.10 AM IST

ഒമിക്രോൺ: അമിത ഭീതി വേണ്ട, അപകടകാരിയാവില്ലെന്ന് വിദഗ്ദ്ധർ

mask

വാക്‌സിനും മാസ്ക്കും പ്രതിരോധം തീർക്കും

അമിതഭയം അനാവശ്യമെന്ന് ഡോ. ബി. ഇക്ബാൽ

തിരുവനന്തപുരം: ഒമിക്രോൺ വൈറസ് കർണാടകയിലെത്തിയതോടെ കേരളവും കനത്ത ജാഗ്രതയിലാണ്. നിലവിലുള്ള ഡെൽറ്റാ വകഭേദത്തെക്കാൾ അഞ്ചിരട്ടിലോളം വ്യാപനശേഷിയുണ്ടെന്നാണ് ഒമിക്രോണിനെ സംബന്ധിച്ച് പൊതുവേ സ്ഥിരീകരിക്കുന്ന വിവരം. അതിനാൽ രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകൾ കർശനമായി പാലിക്കുകയാണ് ഫലപ്രദമായ മാർഗമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഭൂരിഭാഗം പേരിലും വാക്‌സിനെത്തിയ സമൂഹത്തിൽ ഒമിക്രോൺ അപകടകാരിയാവില്ലെന്നും നിയന്ത്രണങ്ങളിലൂടെ പകർച്ച തടയാനാകുമെന്നും സംസ്ഥാന കൊവിഡ് വിദഗ്ദ്ധ സമിതി അദ്ധ്യക്ഷൻ ഡോ. ബി. ഇക്ബാൽ പറഞ്ഞു. മെഡിക്കൽ വാക്‌സിൻ എടുക്കുകയും സോഷ്യൽ വാക്‌സിനായ മാസ്‌ക് കർശനമായും ഉപയോഗിക്കുകയുമാണ് പകർച്ച തടയാനുള്ള മാർഗം. പ്രതിരോധ പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് മൂന്നാം ഡോസ് (ബൂസ്റ്റർ) വാക്‌സിൻ നൽകുന്നത് ഗുണകരമാകും. ദേശീയതലത്തിൽ ഇത് സംബന്ധിച്ച് തീരുമാനം ഉടൻ ഉണ്ടാകും.

ആന്റിവൈറൽ ഫലപ്രദം

വൈറസിനെ പ്രതിരോധിക്കാൻ ആന്റിവൈറൽ കണ്ടുപിടിച്ചത് ഏറെ ആശ്വാസകരമാണ്. അമേരിക്കൻ കമ്പനികളായ മെർക്കിന്റെ മോൽന്യൂപിറാവിർ, ഫൈസറിന്റെ പാക്‌സ് ലോവിഡ് എന്നീ ആന്റി വൈറലുകൾ കൊവിഡ് പെരുകുന്നത് തടഞ്ഞ് ഗുരുതരാവസ്ഥയും ആശുപത്രിവാസവും മരണസാദ്ധ്യതയും കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ട് കഴിഞ്ഞു. രണ്ട് മരുന്നുകളും ഉടൻ വിപണിയിലെത്തും. ഗുളികരൂപത്തിലായതിനാൽ ഡോക്ടറുടെ നിർദ്ദേശാനുസരണം വീട്ടിൽ വച്ച് ഈ മരുന്നുകൾ ഉപയോഗിക്കാനും കഴിയും. ഇതോടെ വൈറസ് നിയന്ത്രണത്തിലാകും. അതുവരെ രോഗം വരാതിരിക്കാനും മറ്റുള്ളവർക്ക് രോഗം പകർത്താതിരിക്കാനുമുള്ള സ്വയം നിയന്ത്രണമാണ് ഫലപ്രദമായ പ്രതിരോധമെന്നും ഇക്ബാൽ വ്യക്തമാക്കി.

വകഭേദം അവസാനിക്കുമോ?

ആർ.എൻ.എ ഗണത്തിൽപ്പെട്ട വൈറസുകൾ പകരുന്നതിന് അനുസരിച്ച് പരിവർത്തനത്തിന് വിധേയമാകും. പകർച്ചതടയുന്നതിന് വാക്‌സിൻ വലിയ പങ്കുവഹിക്കും എന്നാൽ, ഇപ്പോൾ ഒമിക്രോൺ കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ വാക്സിൻ സ്വീകരിച്ചവർ വളരെ കുറവാണ്. വികസ്വര രാജ്യങ്ങളിൽ വാക്‌സിൽ വിതരണം വൈകുന്നത് പുതിയ വകഭേദങ്ങൾക്ക് കാരണമാകും. വകഭേദം സംഭവിച്ചെങ്കിലും പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശരീരവേദന തുടങ്ങിയ കൊവിഡിന്റെ അടിസ്ഥാന ലക്ഷങ്ങൾ ഏതെങ്കിലുമാകും ഒമിക്രോണിലും കാണപ്പെടുക.


ആരോഗ്യവകുപ്പിന്റെ ആശങ്ക

ഒരേസമയം കൂടുതൽ പേർ രോഗികളാകുന്ന സ്ഥിതി ചികിത്സാസംവിധാനങ്ങൾക്ക് വെല്ലുവിളിയാകുമോയെന്നാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക. രോഗികൾ അമിതമായി പെരുകുന്ന സാഹചര്യം ഒഴിവാക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OMICRON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA