
കൊച്ചി: ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള നിസാൻ പട്രോൾ കാർ പിടിച്ചെടുത്ത് കസ്‌റ്റംസ്. ദുൽഖർ നായകനായ ലക്കി ഭാസ്‌ക്കർ എന്ന ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ള കാറാണിത്. ഭൂട്ടാനിൽ നിന്നും കള്ളക്കടത്ത് വഴി ഇന്ത്യയിലേക്കെത്തിച്ച വാഹനങ്ങൾ കണ്ടെത്തുന്നതിനുള്ള ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായാണ് കാർ പിടിച്ചെടുത്തിരിക്കുന്നത്. കൊച്ചി കളമശ്ശേരിയിലെ 'സിഗ്നേച്ചർ കാർസ്' എന്ന ഷോറൂമിലായിരുന്നു കാർ ഉണ്ടായിരുന്നത്.
നേപ്പാൾ-ഭൂട്ടാൻ അതിർത്തിവഴി ഇന്ത്യയിലേക്ക് കടത്തിയതാണ് ഈ കാർ എന്ന സംശയത്താലാണ് കാർ പിടിച്ചെടുത്തത്. ഇക്കാര്യം കസ്റ്റംസ് വിശദമായി അന്വേഷിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി അന്വേഷണം നടത്തി സംസ്ഥാനത്ത് നിന്നും ഏഴ് വാഹനങ്ങൾ പിടിച്ചിരുന്നു. ദുൽഖറിൽ നിന്നും കസ്‌റ്റംസ് പിടിച്ചെടുക്കുന്ന രണ്ടാമത് വാഹനമാണിത്. നേരത്തെ ലാൻഡ്‌റോവർ ഡിഫൻഡർ പിടിച്ചെടുത്തശേഷം ദുൽഖറിന് തിരികെ നൽകി.
ഈ വാഹനത്തിനായി നടൻ ഹൈക്കോടതിയെ സമീപിച്ച് അപേക്ഷ നൽകിയതോടെയാണ് വാഹനം തിരികെ നൽകിയത്. കേസ് കഴിയും വരെ ഈ വാഹനം റോഡിലിറക്കാൻ നടന് അനുമതിയില്ല. ബോണ്ട്, 20 ശതമാനം ബാങ്ക് ഗ്യാരണ്ടി എന്നിവയുടെ അടിസ്ഥാനത്തിലാണ് വാഹനം നൽകിയത്. ദുൽഖറിന്റെ വാഹനം ഭൂട്ടാനിൽ നിന്ന് കടത്തിക്കൊണ്ടുവന്നതാണെന്ന ബോദ്ധ്യമുണ്ടെന്നും ഇന്റലിജൻസ് വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് വാഹനം പിടിച്ചെടുത്തതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്നും അത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.
വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ പണം ബാങ്ക് ഗ്യാരണ്ടിയായി നൽകാമെന്ന് കോടതിയിൽ ദുൽഖർ അറിയിച്ചിരുന്നു. വിദേശത്ത്നിന്നും കസ്റ്റംസ് ഡ്യൂട്ടിയടയ്‌ക്കാതെ കള്ളക്കടത്തായി വാഹനം കൊണ്ടുവന്നെന്ന സംശയം കാരണമാണ് വാഹനം പിടിച്ചെടുത്തതെന്ന് കോടതിയിൽ കസ്റ്റംസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |