SignIn
Kerala Kaumudi Online
Thursday, 09 July 2026 7.39 AM IST

സാഹിത്യകാരൻ പാലക്കീഴ് നാരായണൻ നിര്യാതനായി

palakeezh

പെരിന്തൽമണ്ണ: പ്രശസ്ത സാഹിത്യകാരനും അദ്ധ്യാപകനുമായ പ്രൊഫ. പാലക്കീഴ് നാരായണൻ (81)​ നിര്യാതനായി. മേലാറ്റൂർ ചെമ്മാണിയോടുള്ള വീട്ടിൽ വിശ്രമത്തിലായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് മരണം. കേരള സാഹിത്യ അക്കാഡമിയുടെ 2019ലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഈ വർഷം ഫെബ്രുവരിയിലാണ് ഏറ്റുവാങ്ങിയത്. പെരിന്തൽമണ്ണ പി.ടി.എം ഗവൺമെന്റ് കോളേജിൽ അദ്ധ്യാപകനായിരുന്നു. 1995ൽ വിരമിച്ചു. ഗ്രന്ഥശാലാ സംഘം സംസ്ഥാന കൗൺസിൽ അംഗം, ഗ്രന്ഥലോകം പത്രാധിപർ, എ.കെ.ജി.സി.ടി സ്ഥാപക നേതാവ്,​ പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം,​ കേരള സാഹിത്യ സമിതി സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

വി.ടി ഒരു ഇതിഹാസം, കാൾമാർക്‌സ്, മുത്തശ്ശിക്ക് അരനൂറ്റാണ്ട്, ചെറുകാട് -ഓർമ്മയും കാഴ്ചയും, ചെറുകാട് -പ്രതിഭയും സമൂഹവും, മഹാഭാരത കഥകൾ, ഗ്രന്ഥലോകത്തിന്റെ മുഖക്കുറിപ്പുകൾ എന്നിവയാണ് പ്രധാന കൃതികൾ. ലൈബ്രറി കൗൺസിലിന്റെ പി.എൻ.പണിക്കർ പുരസ്‌കാരം, ഐ.വി.ദാസ് പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു.

മലപ്പുറത്തെ ചെമ്മാണിയോട് പാലക്കീഴ് നാരായണൻ നമ്പൂതിരിയുടെയും നങ്ങേലി അന്തർജനത്തിന്റെയും മകനായി 1940ൽ ജനിച്ചു. റിട്ട. അദ്ധ്യാപികയും മലബാർ ദേവസ്വം ബോർഡ് അംഗവുമായ പി.എം.സാവിത്രിയാണ് ഭാര്യ. സഹോദരങ്ങൾ: ലക്ഷ്മണൻ,​ പരമേശ്വരൻ,​ പരേതരായ തുപ്പൻ നമ്പൂതിരി,​ ദേവകി,​ ആര്യാദേവി,​ നങ്ങേലി,​ ഉമാദേവി. സംസ്‌കാരം ഇന്നലെ വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PALAKEEZHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA