
കോട്ടയം: തമ്പ്രാക്കളുടെ ബാറുകൾക്ക് ആരാധനാലയങ്ങളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള ദൂരപരിധി 50 മീറ്റർ മാത്രമാക്കി കുറച്ച എൽ.ഡി.എഫ് സർക്കാർ, കള്ളു ഷാപ്പുകൾക്ക് ആ ആനുകൂല്യം നൽകിയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 400 മീറ്റർ ദൂരപരിധി കുറയ്ക്കണമെന്ന് എൽ.ഡി.എഫ് യോഗത്തിൽ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. രണ്ട് നീതിയാണ് കാണിച്ചത്. എൽ.ഡി.എഫ് യോഗത്തിൽ ഉന്നയിക്കുമ്പോഴെല്ലാം ശരിയാക്കാമെന്ന് മുഖ്യമന്ത്രി പറയും. അഞ്ചുകൊല്ലം ഭരിച്ചിട്ടും ഒന്നും ചെയ്തില്ല, ശരിയാക്കാമെന്ന് പറഞ്ഞാൽ പോരാ, ശരി ചെയ്തുകാണിക്കണം.
കേരള സ്റ്റേറ്റ് ചെത്തു തൊഴിലാളി ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം വൈക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു എ.ഐ.ടി.യു.സി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ ബിനോയ്.
താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ ആസ്ഥാനമായ ഇണ്ടംതുരുത്തിമനയിലെ സി.കെ. വിശ്വനാഥൻ സ്മാരക ഹാളിലായിരുന്നു (ജോർജ് ചടയംമുറി നഗർ) ചടങ്ങ്.
തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയുടെ കാരണങ്ങളിൽ എൽ.ഡി.എഫ് നേതൃത്വം ആത്മപരിശോധന നടത്തണമെന്നും ബിനോയ് ആവശ്യപ്പെട്ടു. പാർട്ടി ബന്ധുക്കളെയും പ്രവർത്തകരെയും വേണ്ടത്ര ഗൗരവത്തിൽപരിഗണിച്ചോ എന്ന് ചിന്തിക്കണം. നമ്മുടെ ആളുകളിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്നതുപോലെ അവരും നമ്മളിൽ നിന്ന് പലതും പ്രതീക്ഷിക്കുന്നുണ്ടെന്ന കാര്യം കാണണം. വീഴ്ചയുണ്ടായാൽ വീഴ്ചയാണെന്ന് തുറന്നു സമ്മതിക്കണമെന്നും ബിനോയ് പറഞ്ഞു. ഫെഡറേഷന്‍ പ്രസിഡന്റ് കെ.പി രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |