
കൊച്ചി: മാർപ്പാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിലിനെ തടഞ്ഞ സാഹചര്യത്തിൽ പരിഷ്‌കരിച്ച കുർബാന അംഗീകരിക്കാത്ത വൈദികർക്കും വിശ്വാസികൾക്കുമെതിരെ സിറോമലബാർ സഭ കടുത്ത നടപടി സ്വീകരിക്കും. വൈദികരെ പുറത്താക്കുന്നതുൾപ്പെടെ പരിഗണനയിലുണ്ട്.
സിനഡ് തീരുമാനിച്ച് മാർപ്പാപ്പ അംഗീകരിച്ച കുർബാനരീതി നടപ്പാക്കിയേ തീരൂവെന്നതിൽ വിട്ടുവീഴ്‌ചയില്ലെന്ന നിലപാട് സഭ തുടരുമ്പോൾ ചെറുക്കാൻ തീരുമാനിച്ച വിഭാഗം ഇന്നലെ സെന്റ് മേരീസ് ബസിലിക്ക കത്തീഡ്രലിൽ ജനാഭിമുഖ കുർബാന അർപ്പിച്ചു.
മറ്റു രൂപതകളിലെല്ലാം അംഗീകരിച്ച പരിഷ്‌കരിച്ച കുർബാന എറണാകുളം അതിരൂപതയിലും നടപ്പാക്കുകയാണ് തന്റെ ദൗത്യമെന്ന് സിറിൽ വാസിൽ ഇന്നലെ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി. സിനഡിന്റെ തീരുമാനം അംഗീകരിക്കാൻ തയ്യാറാത്ത വൈദികർക്കും വിശ്വാസികൾക്കും സഭയ്ക്ക് പുറത്താണ് സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
പരിഷ്‌കരിച്ച കുർബാന നടപ്പാക്കാൻ ചർച്ചകൾക്കെത്തിയ ആർച്ച് ബിഷപ്പിനെ തിങ്കളാഴ്ച വൈകിട്ട് അതിരൂപതയുടെ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്ക കത്തീഡ്രലിൽ ഒരുവിഭാഗം തടഞ്ഞത് സംഘർഷം സൃഷ്ടിച്ചിരുന്നു. എട്ടു മാസമായി പൂട്ടിയിട്ടിരിക്കുന്ന ബസിലിക്കയിൽ പൊലീസ് സുരക്ഷയിൽ കയറിയ വാസിൽ ആരാധന നടത്തിയിരുന്നു. സംഘർഷം സൃഷ്ടിച്ചതിന് കണ്ടാലറിയാവുന്ന 100 പേർക്കെതിരെ പൊലീസ് കേസെടുത്തു.
വീണ്ടും ജനാഭിമുഖ കുർബാന
മാർപ്പാപ്പയുടെ പ്രതിനിധിയുടെയും സഭയുടെയും നിർദ്ദേശം ലംഘിച്ച് ബസിലിക്കയിൽ വൈദികർ ഇന്നലെ ജനാഭിമുഖ കുർബാന അർപ്പിച്ചു. ഇന്നലെ വൈകിട്ട് 4.30ന്, പരിഷ്‌കരിച്ച കുർബാനയെ എതിർക്കുന്ന വൈദിക സമിതി കൺവീനർ സെബാസ്റ്റ്യൻ തളിയന്റെ നേതൃത്വത്തിലായിരുന്നു ഇത്.
ബിഷപ്പ് ഹൗസിൽ നിന്ന് പ്രദക്ഷിണമായാണ് 200ലേറെ വൈദികരും 2000 ത്തിലേറെ വിശ്വാസികളും ബസിലിക്കയിലെത്തിയത്. ജനാഭിമുഖ കുർബാനയല്ലാതെ മറ്റൊന്നും അംഗീകരിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് വൈദിക സമിതി, അൽമായ മുന്നേറ്റം ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ ക്രിസ്‌മസ് തലേന്ന് കുർബാനയ്ക്കിടെ ജനാഭിമുഖ കുർബാന അനുകൂലികളും എതിർചേരിയും തമ്മിൽ സംഘർഷമുണ്ടായതോടെ ബസിലിക്ക പൊലീസ് അടച്ചുപൂട്ടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |