
ദുരിതത്തിലായത് 1.5 ലക്ഷം പേർ
ആലപ്പുഴ/ തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടിൽ പുലിവാലുപിടിച്ച പി.എസ്.സിക്ക് വീണ്ടും ഗുരുതര വീഴ്ച. രാവിലത്തെ പരീക്ഷയ്ക്ക് ഉച്ചയ്ക്ക് നടത്തേണ്ടതിന്റെ ചോദ്യപേപ്പർ മാറി നൽകി. ആലപ്പുഴയിലെ കേന്ദ്രത്തിലാണ് സംഭവം. തുടർന്ന് ലാസ്റ്റ് ഗ്രേഡ് എഴുത്തു പരീക്ഷ സംസ്ഥാനമൊട്ടുക്ക് ഭാഗികമായി റദ്ദാക്കി. വിവിധ കമ്പനി, ബോർഡ്, കോർപ്പറേഷനുകളിലേക്ക് ലാസ്റ്റ് ഗ്രേഡ് പരീക്ഷയുടെ ആദ്യ ഘട്ടമാണ് ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി നടത്താൻ തീരുമാനിച്ചിരുന്നത്. ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയാണ് റദ്ദാക്കിയത്. ഒന്നര ലക്ഷത്തോളം പേർക്ക് അധികൃതരുടെ അനാസ്ഥകാരണം നിരാശരായി മടങ്ങേണ്ടി വന്നു. കിലോമീറ്ററുകൾ അകലെയായിരുന്നു പരീക്ഷാ സെന്റർ. റദ്ദാക്കിയ പരീക്ഷാതിയതി നാളത്തെ പി.എസ്.സി യോഗം തീരുമാനിക്കും.
ആലപ്പുഴ ലജ്നത്തുൽ മുഹമ്മദീയ എച്ച്.എസ്.എസിലെ രണ്ടാംനമ്പർ സെന്ററിൽ 166 പേർക്കാണ് ചോദ്യപേപ്പർ മാറിനൽകിയത്. രാവിലെ 10 മുതൽ 11.35 വരെയായിരുന്നു പരീക്ഷ. പരീക്ഷ കഴിഞ്ഞിറങ്ങിയവർ ചോദ്യങ്ങളെപ്പറ്റി പരസ്പരം സംസാരിച്ചപ്പോഴാണ് പിഴവ് കണ്ടെത്തിയത്. ചോദ്യപേപ്പറിന്റെ കോഡ് പരിശോധിച്ചപ്പോൾ അതിലും മാറ്റം. തുടർന്ന് സ്കൂളിലെത്തി പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചിലർ കോച്ചിംഗ് സെന്ററുകളിലും സംഭവമറിയിച്ചു. വിദ്യാർത്ഥികൾ ജില്ലാ ഓഫീസിൽ പരാതി നൽകിപ്പോഴാണ് പി.എസ്.സി കാര്യമറിയുന്നത്. പിന്നാലെ, ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 3.05വരെ നടത്താനിരുന്ന രണ്ടാംഘട്ട പരീക്ഷ റദ്ദാക്കിയതായി അറിയിപ്പ് വന്നു. രാവിലെ നടന്ന പരീക്ഷ പൂർണമായി റദ്ദാക്കില്ല. ചോദ്യപേപ്പർ മാറിനൽകിയ കേന്ദ്രത്തിലെ ഉദ്യോഗാർത്ഥികൾക്ക് മാത്രമായി പുനഃപരീക്ഷ നടത്തും.
6 ലക്ഷം അപേക്ഷകർ
ആറു ലക്ഷത്തോളം അപേക്ഷകരുണ്ട്. ഇതിൽ പകുതിപ്പേരുടെ പരീക്ഷയാണ് ഇന്നലെ നടക്കേണ്ടിയിരുന്നത്.
കവറിന്റെ നിറം
പോലും നോക്കിയില്ല
1. ചുമതലപ്പെട്ടവർ കോഡ് നോക്കാതെ ചോദ്യപേപ്പർ പൊട്ടിച്ചു. ചോദ്യപേപ്പറുകളുടെ കവറിനു രണ്ട് നിറമായിരുന്നു. രാവിലത്തേതിന് ബ്രൗണും ഉച്ചക്കുശേഷമുള്ളതിന് പച്ചയും. ഫോർ നൂൺ, ആഫ്ടർ നൂൺ എന്ന് എഴുതിയിട്ടുമുണ്ടായിരുന്നു. ഇതുപോലും ശ്രദ്ധിച്ചില്ല
2. രാവിലെയും ഉച്ചയ്ക്കുമായി നടത്തേണ്ട പരീക്ഷയുടെ ചോദ്യപേപ്പറുകൾ ഒരുമിച്ച് നൽകിയതാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്നാണ് പരീക്ഷ ഡ്യൂട്ടി ചുമതലയുണ്ടായിരുന്നവരുടെ വിശദീകരണം
3. ചോദ്യപേപ്പറുകളുടെ രണ്ട് കെട്ടാണ് സ്‌കൂളിലെത്തിച്ചത്. രാവിലത്തെ കെട്ട് പൊട്ടിച്ചപ്പോൾ ഒ.എം.ആർ ഷീറ്റും അറ്റൻഡന്റസും കൃത്യമായിരുന്നെന്നും ഒപ്പമുണ്ടായിരുന്ന ചോദ്യപേപ്പറാണ് മാറിപ്പോയതെന്നും സ്കൂൾ അധികൃതർ പറയുന്നു
ഉദ്യോഗസ്ഥനെ
സസ്‌പെൻഡ് ചെയ്യും
പരീക്ഷാ കേന്ദ്രത്തിൽ അഡിഷണൽ ചീഫ് സൂപ്രണ്ടിന്റെ ചുമതല വഹിച്ച പി.എസ്.സി ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തും. പി.എസ്.സി ആസ്ഥാനത്ത് അസിസ്റ്റന്റാണ്. ചീഫ് സൂപ്രണ്ടായിരുന്ന സ്കൂൾ പ്രിൻസിപ്പലിനോടും പി.എസ്.സി വിശദീകരണം തേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |