SignIn
Kerala Kaumudi Online
Friday, 09 October 2026 2.52 AM IST

പി.എസ്.സി നിയമന ക്രമക്കേട്: അന്വേഷണം വകുപ്പുകളിലേക്കും

READ ENGLISH VERSION
psc


കെ.എ.എസിലെ ഒഴിവുകളിലേക്കും
അന്വേഷണം

തിരുവനന്തപുരം: നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിനു (കെ.എ.എസ്) പുറമേ, മറ്റു വകുപ്പുകളിലേക്കും എസ്.ഐ.ടിയുടെ അന്വേഷണം. പി.എസ്.സിയിലെ ഉന്നതർക്കൊപ്പം സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും ക്രമക്കേടിൽ പങ്കുണ്ടാവാനുള്ള സാദ്ധ്യതയാണ് എസ്.ഐ.ടി തിരയുന്നത്.

കെ.എ.എസിൽ രണ്ടാംഘട്ട നിയമനത്തിനായി വ്യാജ ഒഴിവുകൾ സൃഷ്ടിച്ച് പി.എസ്‌.സിക്ക് റിപ്പോർട്ട് ചെയ്തതെന്ന് പൊതുഭരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

മുൻ സർക്കാർ സ്വന്തം രാഷ്ട്രീയ അനുഭാവികളെ ഉദ്യോഗസ്ഥ തലപ്പത്തു കൊണ്ടുവരാനായി രണ്ടും മൂന്നും സ്ട്രീമുകളിൽ ഇല്ലാത്ത ഒഴിവുകൾ പി.എസ്‌.സിക്ക് റിപ്പോർട്ട് ചെയ്തെന്നാണ് ആക്ഷേപം. റിപ്പോർട്ട് ചെയ്ത മൂന്ന് ഒഴിവുകളിൽ രണ്ടെണ്ണം സാധുവായിരുന്നില്ലെന്ന പൊതുഭരണ വകുപ്പിന്റെ കണ്ടെത്തലിന്റെ വിവരങ്ങളും എസ്.ഐ.ടി ശേഖരിച്ചു. 31പ്രതീക്ഷിത ഒഴിവുകൾ കണക്കാക്കിയിരുന്നത് ഡെപ്യൂട്ടേഷൻ റിസർവെന്ന നിലയിലാണ്. അത് കെ.എ.എസ് നിയമനത്തിനുള്ള വിശേഷാൽ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന റിപ്പോർട്ടും എസ്.ഐ.ടി ശേഖരിച്ചു.

നിലവിലെ കെ.എ.എസ് ഉദ്യോഗസ്ഥർക്ക് ഡെപ്യൂട്ടേഷന്‍ തസ്തിക സൃഷ്ടിച്ച് നിയമനം നൽകിയതു മൂലമാണ് മറ്റു രണ്ട് ഒഴിവുകളുണ്ടായത്. ഇതു സ്ഥിരം ഒഴിവായി കണക്കാക്കാനാവില്ല. ജീവനക്കാർക്കായി സംവരണം ചെയ്ത രണ്ടും മൂന്നും സ്ട്രീമുകളിൽ ഒഴിവുകളില്ലെന്നിരിക്കെയാണ് ഇത്തരമൊരു ക്രമക്കേട് കാട്ടിയത്.

റിസർവ് തസ്തികകൾ രൂപീകരിക്കാനുള്ള തീരുമാനത്തിനു പിന്നിലെ ഗൂഢലക്ഷ്യവും അന്വേഷിക്കുന്നുണ്ട്. കെ.എ.എസിലെ 30 ശതമാനം തസ്തിക ഓൾ ഇന്ത്യ സർവീസ് മാതൃകയിൽ ഡെപ്യൂട്ടേഷൻ റിസർവായി രൂപീകരിക്കാൻ 2023 ജൂൺ അഞ്ചിന് അന്നത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിക്കുകയായിരുന്നു. ഏതൊക്കെ സ്ഥാപനങ്ങളിലെ തസ്തികകൾ ഉൾപ്പെടുത്തിയാണ് റിസർവ് രൂപീകരിക്കേണ്ടതെന്നതിന് പഠനം നടത്തിയില്ല. ഈ യോഗത്തിന് മുൻപ് തന്നെ 31ഒഴിവുകൾ ഭാവിയിൽ ഉണ്ടാകുമെന്ന് പി.എസ്‌.സിയെ അറിയിക്കുകയും ചെയ്തു. ഇതേക്കുറിച്ചെല്ലാം എസ്.ഐ.ടി വിവിധ വകുപ്പുകളിൽ അന്വേഷണം നടത്തുകയാണ്.

അദ്ധ്യാപക നിയമനവും

കേസാവും

മ്യൂസിക് അടക്കം ചില അസി.പ്രൊഫസർമാരുടെ നിയമനത്തിലും ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. ചോദ്യപേപ്പറുണ്ടാക്കിയതും മൂല്യനിർണയം നടത്തിയതും നിയമനം ലഭിച്ചവർ പഠിച്ച സ്ഥാപനങ്ങളിലെ അദ്ധ്യാപകരാണ്.ഈ പശ്ചാത്തലത്തിൽ കോളേജ് വിദ്യാഭ്യാസ വകുപ്പിലും അന്വേഷണമുണ്ട്.

ഒരു പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ ഉദ്യോഗാർത്ഥി പഠിച്ച കോളേജിലെ ഡീനാണ് ചോദ്യപേപ്പർ തയ്യാറാക്കിയതെന്നും കണ്ടെത്തി. ചോദ്യപേപ്പർ ചോരാനുള്ള സാദ്ധ്യതയാണ് എസ്.ഐ.ടി വിലയിരുത്തുന്നത്.

''കെ.എ.എസിലെ ക്രമക്കേടുകൾ ഗുരുതരമാണ്. ആഴത്തിലുള്ള പരിശോധന നടത്തുകയാണ്.''

-എസ്.ഐ.ടി വൃത്തങ്ങൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA