
തിരുവനന്തപുരം: ഗാർഹിക പീഡനം തടയുന്നതിനും അതിജീവിതകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും പൊലീസ് ‘സ്പീക്ക് അപ്പ്’ എന്ന പേരിൽ പ്രത്യേക ദൗത്യസേന രൂപീകരിച്ചു. ക്രൈംബ്രാഞ്ച് ഐ.ജി അജീത ബീഗത്തിനാണ് ചുമതല. ‘സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ്’ എന്ന സന്ദേശമാണ് സ്പീക്ക് അപ്പിലൂടെ നൽകുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ഗാർഹിക അതിക്രമം തടയുക, അതിജീവിതകൾക്ക് നിയമസഹായവും കൗൺസലിംഗും ഉറപ്പാക്കുക, സുരക്ഷിതമായ താമസവും ഉപജീവന പിന്തുണയും ലഭ്യമാക്കുക എന്നിവയാണ് സ്പീക്ക് അപ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കും ദൗത്യസേനയുടെ പ്രവർത്തനം. അതിജീവിതകളുടെ സ്വകാര്യതയ്ക്ക് പൂർണ്ണ മുൻഗണന നൽകുന്ന രീതിയിലായിരിക്കും ഇടപെടൽ. ഓരോ കേസിനും പ്രത്യേകമായി നിയോഗിക്കുന്ന ഓഫീസർമാർ കേസിന്റെ പുരോഗതി, കൗൺസലിംഗ്, തുടങ്ങിയ കാര്യങ്ങൾ ആഴ്ചയിലൊരിക്കൽ വ്യക്തിപരമായി വിലയിരുത്തും.
ഡിജിറ്റൽ ഹെൽപ്പ്‌ലൈൻ, വാട്സാപ്പ്, പ്രത്യേക മൊബൈൽ ആപ്പ് എന്നിവ വഴി പരാതികൾ വേഗത്തിൽ രജിസ്റ്റർ ചെയ്യാനും സമയബന്ധിതമായി സഹായം ലഭ്യമാക്കാനും പ്രധാന കമാൻഡ് സെന്റർ സജ്ജമാക്കും.കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശിക തലത്തിൽ അതിജീവിതകൾക്ക് ഷെൽട്ടർ ഹോമുകളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും ഒരുക്കാനും പദ്ധതിയുണ്ട്.
''ഗാർഹിക അതിക്രമക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്കെതിരെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും പാസ്‌പോർട്ടും നിഷേധിക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുന്നത് പരിഗണനയിലുണ്ട്.''
-അജിതാ ബീഗം, ഐ.ജി, ക്രൈംബ്രാഞ്ച്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |