
തിരുവനന്തപുരം: പാർട്ടി പുറത്താക്കിയാലും കോൺഗ്രസുകാരൻ തന്നെയാണെന്ന് പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. കഴിഞ്ഞ പത്ത് വർഷക്കാലത്തെ പ്രതിപക്ഷ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് നിലവിലെ വൻ വിജയമെന്നും രാഹുൽ കൂട്ടിച്ചേർത്തു. യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു രാഹുൽ.
'എല്ലാക്കാലവും പാർട്ടിക്കാരനാണ്. അതിനാൽ തന്നെ ഖേദമൊന്നുമില്ല. ജനപ്രതിനിധിയാവണോ പാർട്ടി ഭാരവാഹിയാണോ എന്ന് ചോദിച്ചാൽ എന്നും ഭാരവാഹിയെന്നാണ് മുന്നോട്ട് വയ്ക്കാനുള്ളത്. നിരാശകളില്ല, രാഷ്ട്രീയം പറയുന്നത് തുടരും. അത് എന്റെ ക്ലാരിറ്റിയാണ്. പദവികൾക്കായി ഉള്ളതല്ല അത്'- രാഹുൽ പറഞ്ഞു.
ഒന്നര പതിറ്റാണ്ടിന് ശേഷം സംസ്ഥാനത്ത് യുഡിഎഫ് നയിക്കുന്ന ഒരു മന്ത്രിസഭ ഇന്ന് അധികാരമേൽക്കുകയാണ്. മുഖ്യമന്ത്രിയും 20 മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. കൃത്യം 10 മണിയ്‌ക്ക് തന്നെ ചടങ്ങുകൾ ആരംഭിക്കും. തമിഴ്‌നാട്ടിൽ വിജയ് സർക്കാർ സത്യപ്രതിജ്ഞ ചെയ്‌തത് പോലെ വേദിയിൽ വിവിഐപികൾക്കും പ്രവേശനം അനുവദിക്കണമെന്ന് സർക്കാർ ലോക്‌ഭവനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ലോക്‌ഭവൻ നൽകിയ നിർദ്ദേശം അനുസരിച്ച് ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം വേദിയിൽ മതിയെന്നായിരുന്നു തീരുമാനം.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസിന്റെയും മറ്റും വിവിധ സംസ്ഥാനങ്ങളിലെയും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാർ, മറ്റ് വിശിഷ്‌ടാതിഥികൾ എന്നിവരുണ്ടാകുമെന്ന് പ്രോട്ടോകോൾ വിഭാഗം ഗവർണറെ അറിയിച്ചതിന് പിന്നാലെയാണ് വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മതിയെന്ന് നിർദ്ദേശം വന്നത്. നിലവിൽ സെൻട്രൽ സ്റ്റേഡിയവും പരിസരവും സത്യപ്രതിജ്ഞ കാണാൻ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയവരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |