
കൊല്ലം: കൊല്ലം റെയിൽവേ സ്‌റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കുന്ന പ്രവൃത്തികൾ കുതിക്കുന്നു. 217 പൈലുകളുള്ള മൾട്ടി ലെവൽ പാർക്കിംഗ് സെന്ററിന്റെ 200 പൈലുകൾ പൂർത്തിയായി. പാഴ്സൽ ഓഫീസ്, സൗത്ത് ടെർമിനൽ എന്നിവയുടെ നിർമ്മാണം ഉടൻ ആരംഭിക്കും.
39 മാസത്തെ കരാർ കാലാവധിക്കുള്ളിൽ എല്ലാം പൂർത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഡൽഹി ആസ്ഥാനമായ നിർമ്മാണ കമ്പനി. 20 കോടിക്ക് മുകളിൽ വാർഷിക വരുമാനമുള്ളതിനാൽ നോൺ സബർബൻ ഗ്രേഡ് 3ൽ (എൻ.എസ്.ജി) ഉൾപ്പെട്ടതോടെയാണ് കൊല്ലം റെയിൽവേ സ്റ്റേഷന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ വഴിതെളിഞ്ഞത്.
സ്‌റ്റേഷനിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള എല്ലാ അനുമതിയും ലഭ്യമായിട്ടുണ്ട്. ടോപ്പോഗ്രാഫിക്കൽ സർവേ, ഡ്രോൺ സർവേ, മണ്ണ് പര്യവേക്ഷണം, മാസ്റ്റർ പ്ലാൻ അംഗീകാരം എന്നിവ പൂർത്തിയായി. നിലവിലെ ഓഫീസ് കെട്ടിടങ്ങൾ പൊളിച്ചു. 36 ഓഫീസുകൾ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി. സൈറ്റ് ഓഫീസ്, ലബോറട്ടറി സംവിധാനം, ശേഖരണ സംവിധാനം എന്നിവയും ഏർപ്പെടുത്തി. മേൽപ്പാലം നിർമ്മാണവും ആരംഭിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റ് 26നാണ് നവീകരണ ജോലികൾക്ക് കരാർ നൽകിയത്.
യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന
1. സംസ്ഥാനത്തെ തിരക്കേറിയ രണ്ടാമത്തെ റെയിൽവേ സ്‌റ്റേഷൻ
2. വർഷം 1.6 കോടി യാത്രക്കാർ എത്തുന്നു
3. ദിനംപ്രതി 47,000 യാത്രക്കാർ
4. വിമാനത്താവളത്തോട് കിടപിടക്കും നവീകരണം.
നവീകരണ ചെലവ് 361.81 കോടി
നവീകരണം ആരംഭിച്ച് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഗ്യാംഗ് ഗസ്റ്റ് റൂം ഉൾപ്പെടുന്ന കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു.
റെയിൽവേ അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |