SignIn
Kerala Kaumudi Online
Wednesday, 24 June 2026 7.34 AM IST

'ഞാൻ സീറ്റ് ബെൽറ്റിടാതെ പോയിട്ടും മൈൻഡ് ചെയ്തില്ല, അവർ ''റോബിനെ'' മാത്രം ഉന്നംവച്ച് നിക്കുവാണ്'; രണ്ടാം തവണയും ബസ് തടഞ്ഞ് എംവിഡി

READ ENGLISH VERSION

robin-bus

പാലാ: യാത്ര ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ റോബിൻ ബസിനെ എംവിഡി തടഞ്ഞത് രണ്ട് തവണ. പാലായിൽ വച്ചാണ് രണ്ടാമത്തെ എംവിഡി സംഘം ബസ് തടയുന്നത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് സർവീസ് ആരംഭിച്ച ബസിനെ പുറപ്പെട്ട് 200 മീറ്റർ പിന്നിട്ടപ്പോഴേക്കും പത്തനംതിട്ടയിൽ വച്ച് തടഞ്ഞിരുന്നു. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപയാണ് പിഴ ചുമത്തിയത്. ചലാന്‍ നല്‍കിയെങ്കിലും എംവിഡി ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്തില്ല. പിഴ അടയ്ക്കാതെ തന്നെ ബസ് യാത്ര തുടരുകയായിരുന്നു.

രാവിലെ മുതൽ എംവിഡി സംഘം റോബിൻ ബസിനെ കാത്ത് കിടക്കുകയാണെന്നാണ് പാലായിലെ നാട്ടുകാർ പറയുന്നത്. തങ്ങൾ കാറിൽ സീറ്റ് ബെൽറ്റ് ഇടാതെ പോയിട്ടും അവർ ശ്രദ്ധിച്ചില്ല. റോബിനെ മാത്രം ഉന്നം വച്ചാണ് അവർ നിൽക്കുന്നതെന്നും സമീപവാസികൾ പറഞ്ഞു.

ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ഉടമ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. സാധുതയുള്ള സ്റ്റേജ് ക്യാരേജ് പെര്‍മിറ്റില്ലാതെ യാത്രക്കാരില്‍ നിന്ന് പ്രത്യേകം യാത്രക്കൂലി ഈടാക്കി സ്റ്റേജ് ക്യാരേജായി ഓടിയതിനുള്ള പിഴയായാണ് 7500 രൂപ ചുമത്തുന്നതെന്ന് എംവിഡി നേരത്തേ നല്‍കിയ ചെലാനില്‍ രേഖപ്പെടുത്തിയിരുന്നു.

നിയമ ലംഘനം ചൂണ്ടിക്കാട്ടി മുമ്പ് രണ്ടുതവണ ബസ് എംവിഡി പിടികൂടിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 16-ാം തിയതിയാണ് പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് റാന്നിയില്‍ വച്ച് മോട്ടോര്‍ വാഹന ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബസ് കോടതി ഉത്തരവിലൂടെ പുറത്തിറക്കിയത്. പിന്നാലെ വീണ്ടും കോയമ്പത്തൂര്‍ സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ബസ് ഉടമ സീറ്റ് ബുക്കിംഗും ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച യാത്ര തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

പുലർച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയിൽ നിന്നും ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് കോയമ്പത്തൂർ അവസാനിക്കുന്നതാണ് ആദ്യ ട്രിപ്പ്. വൈകിട്ട് അഞ്ച് മണിക്ക് കോയമ്പത്തൂരിൽ നിന്നും തുടങ്ങി രാത്രി 12 മണിക്ക് പത്തനംതിട്ടയിൽ ബസ് തിരിച്ചെത്തും. പത്തനംതിട്ട - കോയമ്പത്തൂർ ട്രിപ്പിൽ റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, പാലക്കാട് എന്നിങ്ങനെ സ്റ്റോപ്പുകളുണ്ട്. തിരിച്ചുള്ള സർവ്വീസിൽ പാലക്കാട് മാത്രമാണ് സ്റ്റോപ്പുള്ളത്. ഉദ്യോഗസ്ഥരുടെ മണ്ടത്തരത്തിന് കൂട്ടുനിൽക്കുന്നതല്ല തന്റെ ജോലി, തെറ്റ് ചെയ്യാത്തത് കൊണ്ട് പിഴയടക്കില്ലെന്നായിരുന്നു ബസ് പിടിച്ചെടുത്തതിനോട് റോബിൻ ബസ് ഉടമ പ്രതികരിച്ചിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MVD, ROBIN BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA