തിരുവനന്തപുരം:ചെറിയ പെരുന്നാളിനും ബലി പെരുന്നാളിനും മൂന്ന് ദിവസത്തെ അവധി അനുവദിച്ച് സർക്കാർ കലണ്ടറിൽ രേഖപ്പെടുത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രതിനിധി സംഘം മുഖ്യമന്ത്രി വി.ഡി.സതീശനോട് ആവശ്യപ്പെട്ടു. സംഘടനയുടെ വിവിധ ആവശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള നിവേദനവും സമർപ്പിച്ചു.
പി.എം ശ്രീ വിഷയത്തിൽ സംസ്ഥാനത്തിന്റെ പൊതുതാത്പര്യം കൂടി പരിഗണിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പി.എം ശ്രീപദ്ധതിയിലൂടെ ചരിത്രപരമായ വളച്ചൊടിക്കലുകൾക്കാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. കുട്ടികളിൽ ആർ.എസ്.എസ് അജണ്ട അടിച്ചേൽപ്പിക്കാനുള്ള ഈ പദ്ധതി നാടിന് വലിയ ആപത്തും നാശവും വരുത്തിവയ്ക്കുമെന്നും അവർ പറഞ്ഞു.
കേരളത്തിൽ അറബിക് ആൻഡ് ഫോറിൻ ലാംഗ്വേജ് സർവകലാശാല സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കേരളത്തിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്ത് ഭരണനിർവഹണത്തിലെ വെല്ലുവിളികൾ പരിഹരിക്കാൻ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളുടെ പുനർനിർണയം നടത്തണം . മലബാർ മേഖലയിൽ പ്ലസ് വൺ ഉൾപ്പെടെയുള്ള കോഴ്സുകളിൽ അനുഭവപ്പെടുന്ന സീറ്റ് ക്ഷാമം പരിഹരിക്കാൻ അടിയന്തിര ഇടപെടൽ വേണം. വിവിധ സർവകലാശാലകളിലുണ്ടായിരുന്ന വിദൂരവിദ്യാഭ്യാസ പഠന സൗകര്യം പുനഃസ്ഥാപിക്കണമെന്നും കാലിക്കറ്റ് സർവകലാശാലയിൽ മമ്പുറം സയ്യിദ് അലവി തങ്ങളുടെ സ്മരണാർത്ഥം ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാർ മയക്കുമരുന്നിനെതിരെ നടത്തുള്ള ഓപ്പറേഷൻ തൂഫാന് സംഘം പിന്തുണ അറിയിച്ചു.
സമസ്ത സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം, കേന്ദ്രമുശാവറ അംഗങ്ങളായ ബി.കെ അബ്ദുൽ ഖാദർ അൽഖാസിമി ബംബ്രാണ, പി.കെ. ഹംസക്കുട്ടി മുസ്ലിയാർ ആദൃശ്ശേരി, ഇ.എസ് ഹസ്സൻ ഫൈസി, മുഹമ്മദ് ശരീഫ് ബാഖവി വേശാല, മാനേജർ കെ. മോയിൻകുട്ടി തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
A Samastha Kerala Jamiyyathul Ulama delegation, led by Secretary K. Umar Faizy Mukkam, submitted a memorandum to the government with various demands. Key requests included three-day holidays for Eid festivals, establishing an Arabic and Foreign Language University, district delimitation based on scientific studies, and addressing Plus One seat shortages in Malabar. They also sought restoration of distance education and a research center at Calicut University.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |