SignIn
Kerala Kaumudi Online
Wednesday, 17 June 2026 7.26 AM IST

'മാപ്പ് പറച്ചിലായി തോന്നുന്നില്ല'; സുരേഷ് ഗോപിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടെന്ന് മാദ്ധ്യമപ്രവർത്തക

READ ENGLISH VERSION
suresh-gopi

കോഴിക്കോട്: സുരേഷ് ഗോപിയുടെ ഖേദം പ്രകടനത്തിൽ പ്രതികരിച്ച് അധിക്ഷേപത്തിനിരയായ മാദ്ധ്യമപ്രവർത്തക ഷിദ ജഗത്. സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലല്ല വിശദീകരണമായാണ് തോന്നിയതെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ഷിദ ജഗത് പറഞ്ഞു. തനിക്ക് തെറ്റായി തോന്നിയെങ്കിൽ മാപ്പ് പറയുന്നു എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഒരാളുടെ ദേഹത്ത് അനുവാദമില്ലാതെ സ്പർശിക്കുന്നത് തെറ്റാണെന്ന് അദ്ദേഹമാണ് തിരിച്ചറിയേണ്ടതെന്ന് ഷിദ കൂട്ടിച്ചേർത്തു.

'സുരേഷ് ഗോപിയോട് തൃശൂര് മത്സരിക്കുന്നതിനെക്കുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചമാണ് ചോദിച്ചത്. അതിനിടെയാണ് മോളെ എന്നു വിളിച്ചുകൊണ്ട് എന്റെ തോളിൽ തഴുകിയത്. ആ സമയത്ത് ഞാൻ ഭയങ്കരമായ രീതിയിൽ പെട്ടെന്ന് ഷോക്കായി. എന്താണ് ചെയ്യേണ്ടതെന്നും എന്താണ് നടക്കുന്നതെന്നും അറിയാത്ത അവസ്ഥയിലായിരുന്നു. ആ സമയത്ത് തന്നെ ഞാൻ പിന്നോട്ടുവലിയുകയും ചെയ്തു.

കയ്യെടുത്തു മാറ്റാൻ വേണ്ടിയാണ് ഞാൻ പിന്നോട്ടു വലിഞ്ഞത്. ഒരു മാദ്ധ്യമപ്രവർത്തകയായതുകൊണ്ട് തുടർന്നും ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്. ആ സമയത്തും അദ്ദേഹത്തിന്റെ പ്രതികരണം അങ്ങനെ തന്നെയായിരുന്നു. എനിക്ക് ഒട്ടും സഹിക്കാൻ പറ്റാത്ത ഒരു കാര്യമായിരുന്നു. പതിനഞ്ച് വർഷത്തിലധികമായി ഞാൻ മാദ്ധ്യമരംഗത്തുണ്ട്. ശരിക്കും ഈ വിഷയം അഡ്രസ് ചെയ്യപ്പെടേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടിയുമായി മുന്നോട്ടുപോകുന്നത്.

തെറ്റാണ് എന്ന് അദ്ദേഹമാണ് മനസിലാക്കേണ്ടത്. അതൊരു മാപ്പ് പറച്ചിലായി തോന്നുന്നില്ല, ഒരു വിശദീകരണം മാത്രമാണ് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടായത്. ഇനിയൊരു മാധ്യമപ്രവർത്തകക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുത്. എന്നെ സംബന്ധിച്ചിടത്തോളം സ്ത്രീയെന്ന നിലയിൽ അപമാനിക്കപ്പെട്ട സംഭവമാണ്'- ഷിദ ജഗത് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഷിദ ജഗതിന് സുരേഷ് ഗോപിയിൽ നിന്നും ദുരനുഭവമുണ്ടായത്. പിന്നാലെ സുരേഷ് ഗോപി ഖേദ പ്രകടനവുമായി രംഗത്തെത്തിയിരുന്നു. 'മാദ്ധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു'- സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURESHGOPI, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA