SignIn
Kerala Kaumudi Online
Saturday, 20 June 2026 10.44 AM IST

ജയിൽ മോചിതരായ കന്യാസ്‌ത്രീകൾ നന്ദി പറയാൻ വന്നു, പൂർണ പിന്തുണ ഉറപ്പുകൊടുത്തെന്ന് രാജീവ് ചന്ദ്രശേഖർ

READ ENGLISH VERSION
rajeev-chandrasekhar

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മലയാളി കന്യാസ്‌ത്രീകൾ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്‌ച നടത്തി. രാജീവ് ചന്ദ്രശേഖറിന്റെ ഡൽഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച. സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസും സഹോദരനൊപ്പമാണ് എത്തിയത്. ഇവർക്കൊപ്പം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും ഉണ്ടായിരുന്നു. നന്ദി പറയാനാണ് കന്യാസ്‌ത്രീകൾ എത്തിയതെന്നും കേസിൽ അവർക്ക് പൂർണ പിന്തുണ നൽകിയെന്നും കൂടിക്കാഴ്‌ചയ്ക്കുശേഷം രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ അംഗങ്ങളായ തലശ്ശേരി സ്വദേശി സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി സ്വദേശി സിസ്റ്റർ പ്രീതി മേരി എന്നിവർ ജൂലായ് 25നാണ് അറസ്റ്റിലായത്. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകൾ വീട്ടുജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ ദുർഗ് റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പെൺകുട്ടികളിലൊരാളുടെ സഹോദരനും സ്‌റ്റേഷനിലെത്തിയിരുന്നു.

നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്റംഗ്‌ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ തടയുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. പെൺകുട്ടികളിലൊരാൾ സമ്മതപ്രകാരമല്ല എത്തിയതെന്നും ഇവർ ആരോപിച്ചു. മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്ത്രീകൾക്കെതിരെ കേസെടുത്തത്. തുടർന്ന് ജൂഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത കന്യാസ്ത്രീകളെ ദുർഗിലെ ജയിലിൽ തടവിലാക്കുകയായിരുന്നു. അറസ്റ്റിലായി ഒൻപതുദിവസത്തിനുശേഷം ഓഗസ്റ്റ് രണ്ടിനാണ് ദുർഗിലെ ജയിലിൽ നിന്ന് ഇരുവരും പുറത്തിറങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJEEV CHANDRASEKHAR, SISTER PREETHI MARY, SISTER VANDANA FRANCIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA