
കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ, വിദേശ പണമിടപാട് കേസുകൾ കൂടുന്നു. പലതിലും ഉന്നതർക്കും പങ്ക്. പക്ഷേ, അന്വേഷണം വേഗത്തിലാക്കാൻ ഇ.ഡിക്കാവുന്നില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രധാന തടസം. ഇതു പരിഹരിക്കാൻ 1227 തസ്തികകൾ കൂടി ഉടൻ സൃഷ്ടിക്കും. നിലവിലെ 2029 തസ്‌തികകൾ 3,256 ആയി ഉയർത്തും. വിദേശ പണമിടപാട് അന്വേഷിക്കാൻ മാത്രമായി അഞ്ച് പ്രത്യേക ഓഫീസ് തുറക്കും. ഡൽഹി, ചണ്ഡിഗഢ്, മുംബയ്, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലാവും ഓഫീസ്. കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന സോണൽ ഓഫീസുകൾ 50 ആയി വർദ്ധിപ്പിക്കും. കൊച്ചി ഉൾപ്പെടെ 27 സോണൽ ഓഫീസുകളും കോഴിക്കോട് ഉൾപ്പെടെ 19 സബ് സോണൽ ഓഫീസുകളുമാണ് ഇപ്പോഴുള്ളത്. സൈബർ, ഫോറൻസിക് സംവിധാനങ്ങളും വർദ്ധിപ്പിക്കും. ബംഗളൂരുവിൽ നടന്ന സോണൽ ഓഫീസർമാരുടെ ത്രൈമാസ യോഗത്തിൽ ഇ.ഡി ഡയറക്‌ടർ രാഹുൽ നവീനാണ് സമഗ്ര പരിഷ്കരണം പ്രഖ്യാപിച്ചത്. 2027 ജനുവരി ഒന്നിനകം നടപ്പാക്കും. ഇതോടെ ആകെ ഇ.ഡി യൂണിറ്റുകൾ 131ൽ നിന്ന് 241 ആകും.
ഒന്നര വർഷം, അന്വേഷണം തീർക്കും
1 കേസുകളിൽ അന്വേഷണം ഒന്നര വർഷത്തിനകം പൂർത്തിയാക്കും. നിലവിൽ അഞ്ചു വർഷം വരെ നീളുന്നു
2 കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജൻസികളുമായി ഏകോപനവും വിവരം പങ്കുവയ്‌ക്കലും ശക്തമാക്കും
3 ബാങ്ക് വായ്‌പ, പണയവസ്‌തുക്കൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ കൂടുതൽ ജാഗ്രത പാലിക്കും
4 കണ്ടുകെട്ടുന്ന സ്വത്തുക്കളുടെ മൂല്യനിർണയവും ജിയോ ടാഗിംഗും ആറു മാസത്തിനകം പൂർത്തിയാക്കും
5 വിവരങ്ങൾ ശേഖരിക്കാനും പങ്കു വയ്‌ക്കാനും കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നാറ്റ്ഗ്രിഡ് വിനിയോഗിക്കും.
2025- 26
കേസ് നടപടികൾ
സമർപ്പിച്ച കുറ്റപത്രം 657
തീർപ്പായത് 60
ശിക്ഷിക്കപ്പെട്ടത് 56
ശിക്ഷിക്കപ്പെട്ടവർ 124
ശിക്ഷാനിരക്ക് 93.33 %
പ്രവർത്തനം
കേസുകൾ 1,080
റെയ്ഡ് 2,892
അറസ്റ്റ് 156
കണ്ടുകെട്ടൽ 712
കണ്ടുകെട്ടൽ മൂല്യം 81,422.63 കോടി
പിടിച്ചെടുത്ത പണം 710.25 കോടി
തിരികെ നൽകിയത് 32,677.97 കോടി
(ഇ.ഡി വാർഷിക റിപ്പോർട്ട് 2025- 26 )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |