SignIn
Kerala Kaumudi Online
Sunday, 20 September 2026 2.41 AM IST

അനിഷ്ടത്തിന് കാരണം കമ്മിഷൻ കുറവ്, സ്റ്റെന്റ് മുടക്കാത്ത കമ്പനി ഡോക്‌ടർമാർക്ക് വേണ്ട

READ ENGLISH VERSION

d

 വ്യാജപ്രചാരണത്തിൽ ശസ്ത്രക്രിയ

മുടങ്ങുമോയെന്ന് ആശങ്ക

തിരുവനന്തപുരം :സർക്കാർ ആശുപത്രികളിൽ സ്റ്റെന്റ് ഉൾപ്പെടെ ഹൃദയശസ്ത്രക്രിയാ സാമഗ്രികളുടെ വിതരണം ഏജൻസികൾ നിറുത്തിയെങ്കിലും മുടങ്ങാതെ സാമഗ്രികൾ ലഭ്യമാക്കുന്ന കമ്പനിയെ കണ്ടില്ലെന്ന് നടിച്ച് ഡോക്ടർമാർ. സാധനങ്ങൾ നേരിട്ട് എത്തിക്കുന്ന അയർലൻഡിലെ മെട്രോണിക് കമ്പനിയെയാണ് തഴയുന്നത്.

ഇവർക്കും കോടികൾ കുടിശിക നൽകാനുണ്ടെങ്കിലും കമ്പനി നേരിട്ട് സാധനങ്ങൾ എത്തിക്കുന്നതിനാൽ വിതരണക്കാരുടെ പിൻമാറ്റം ബാധിച്ചിട്ടില്ല. മറ്റു ഏജൻസികൾ നൽകുന്നതിനെക്കാൾ കമ്മിഷൻ കുറവായതിനാൽ ഇവരുടെ സാമഗ്രികൾ ഡോക്ടർമാർ പ്രോത്സാഹിപ്പിക്കില്ലെന്നാണ് വിവരം. സർക്കാർ നിശ്ചയിച്ച, കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുടെ നിരക്കിലാണ് സ്റ്റെന്റ്, കത്തീറ്റർ, ബലൂൺ, പേസ്‌ മേക്കർ തുടങ്ങിയവ ഈ കമ്പനിനൽകുന്നത്.

മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ എല്ലാ ആശുപത്രികളിലും കമ്പനിയുടെ സാധനങ്ങൾ സ്റ്റോക്കുണ്ട്. നിർദ്ദേശം കിട്ടിയാൽ എത്തിക്കാനും തയ്യാറാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉൾപ്പെടെ സംസ്ഥാനത്ത് ഉടനീളം 24 മണിക്കൂറും ഈ കമ്പനി സാധനങ്ങൾ ലഭ്യമാക്കുന്നുണ്ട്. എന്നിട്ടും, സ്ഥിരം വിതരണക്കാരുടെ പിൻമാറ്റം കാരണം സ്റ്റെന്റില്ലെന്നും ശസ്ത്രക്രിയ മുടങ്ങിയെന്നും പ്രചരിപ്പിക്കുന്നത് ശസ്ത്രക്രിയയ്ക്ക് ഊഴം കാത്തിരിക്കുന്ന പാവപ്പെട്ടവരെ ആശങ്കയിലാക്കി. നിരവധി പേരാണ് ദിവസേന കാർഡിയോളജി വിഭാഗത്തിൽ വിളിച്ച് ശസ്ത്രക്രിയ നടക്കുമോയെന്ന് അന്വേഷിക്കുന്നത്.

മെഡി. കോളേജിൽ ഇന്നലെ

12 ശസ്ത്രക്രിയകൾ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്നലെ രണ്ടു കാത്ത് ലാബുകളിൽ നേരത്തേ നിശചയിച്ച 12ശസ്ത്രക്രിയകൾ നടന്നു. നാല് എമർജൻസി കേസുകൾ ചെയ്യാനും സൗകര്യം ഒരുക്കിയിരുന്നു.

ശ്രീചിത്ര സ്റ്റെന്റ് അവസാനഘട്ടത്തിൽ

വർഷങ്ങൾ നീണ്ട ഗവേഷണത്തിലൂടെ ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ബയോമെഡിക്കൽ ടെക്‌നോളജി വിഭാഗം വികസിപ്പിച്ച സ്റ്റെന്റ് അവസാനഘട്ടത്തിലാണ്. മൃഗങ്ങളിലെ പരീക്ഷണം പൂർത്തിയാക്കി. പേറ്റന്റും ലഭിച്ചു. വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കാൻ സാങ്കേതിക വിദ്യ കൈമാറാനുള്ള താത്പര്യപത്രം ക്ഷണിച്ചിരിക്കുകയാണ്. ഉടൻ കമ്പനിയെ തിരഞ്ഞെടുത്ത് സാങ്കേതിക വിദ്യ കൈമാറുമെന്ന് ഗവേഷണം നയിച്ച ഡോ.സുജേഷ് ശ്രീധരൻ പറഞ്ഞു. തുടർന്ന് മനുഷ്യരിലെ പരീക്ഷണവും പൂർത്തിയാക്കി അനുമതികൾ നേടിയശേഷം വിപണിയിലെത്തിക്കും. രണ്ടുവർഷത്തിനുള്ളിൽ സ്റ്റെന്റ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. നിലവാരമുള്ള സ്റ്റെന്റ് കുറഞ്ഞവിലയിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഡോ.ഇ.ആർ.ജയദേവൻ, ഡോ.എം.ഉണ്ണികൃഷ്ണൻ, ഡോ.സി.വി.മുരളീധരൻ എന്നിവരാണ് മറ്റ് സംഘാംഗങ്ങൾ . സ്റ്റെന്റ് പുറത്തിറക്കുന്ന കമ്പനിയാണ് വില തീരുമാനിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA