
തൊടുപുഴ: 130ഓളം കിലോമീറ്റർ ഇരുചക്ര വാഹനത്തിൽ ഒറ്റയ്ക്ക് സഞ്ചരിച്ച് തന്നെ കാണാനെത്തിയ യുവതിയ്ക്ക് ഓട്ടോറിക്ഷ വാങ്ങി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബെെസൺവാലി മുട്ടുകാട് അമ്പാട്ട് ഗംഗ ഋഷികേശിനാണ് കേന്ദ്രമന്ത്രി ഓട്ടോറിക്ഷ നൽകിയത്. രണ്ട് പതിറ്റാണ്ടിലധികമായി ഏലത്തോട്ടങ്ങളിൽ കൂലിപ്പണിക്ക് പോയി കുടുംബം പുലർത്തുന്നയാളാണ് ഗംഗ. ബസ് ഡ്രെെവറായിരുന്ന ഭർത്താവ് ഋഷികേശിന് ജീവിതശെെലീ രോഗങ്ങളെത്തുടർന്ന് 13 വർഷമായി ജോലിക്ക് പോകാനാകുന്നില്ല.
2025 സെപ്തംബർ 30ന് മൂലമറ്റത്ത് നടത്തിയ കലുങ്ക് സൗഹൃദ സംഗമത്തിൽ പങ്കെടുത്ത ഗംഗയ്ക്ക് സുരേഷ് ഗോപിയുമായി സംസാരിക്കാൻ അവസരം ലഭിച്ചു. 130ഓളം കിലോമീറ്റർ ഇരുചക്ര വാഹനത്തിൽ ഒറ്റയ്ക്ക് സഞ്ചരിച്ചാണ് അന്ന് ഗംഗ ആ വേദിയിലേക്ക് എത്തിയത്. ഉപജീവനത്തിന് മറ്റ് മാർഗങ്ങളില്ലെന്നും ഓട്ടാറിക്ഷ ലഭിച്ചിരുന്നെങ്കിൽ നന്നായിരുന്നെന്നും ഗംഗ പറഞ്ഞു. പിന്നാലെ അങ്ങനെയെങ്കിൽ ഒരു ഓട്ടോറിക്ഷ വാങ്ങി നൽകാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പുനൽകുകയായിരുന്നു.
കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പിഎ ഗംഗയെ ഫോണിൽ വിളിച്ച് കമ്പനിയിലേക്ക് പണം നൽകിയിട്ടുണ്ടെന്നും അടിമാലിയിലെ ഷോറൂമിൽ നിന്ന് ഓട്ടോറിക്ഷ എടുക്കാമെന്നും അറിയിക്കുകയായിരുന്നു. ഓട്ടോ നൽകിയത് സംബന്ധിച്ച് സുരേഷ് ഗോപിയും ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.
പോസ്റ്റിന്റെ പൂർണരൂപം
കഴിഞ്ഞ തവണ മൂലമറ്റത്ത് നടന്ന കലുങ്ക് സദസ്സിലാണ് ബൈസൺവാലി മുട്ടുകാട് സ്വദേശിനി ഗംഗയെ ഞാൻ കാണുന്നത്. ഒരു ഓട്ടോറിക്ഷ സ്വന്തമാക്കി അന്തസ്സായി ജീവിക്കണം എന്നതായിരുന്നു ആ കുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹം. 130ഓളം കിലോമീറ്റർ ഇരുചക്ര വാഹനത്തിൽ ഒറ്റയ്ക്ക് സഞ്ചരിച്ചാണ് അന്ന് ഗംഗ ആ വേദിയിലേക്ക് എത്തിയത്. ആ നിശ്ചയദാർഢ്യത്തിന് മുന്നിൽ, അവളുടെ സ്വപ്നങ്ങൾക്ക് ഒപ്പം നിൽക്കുമെന്ന് അന്ന് ഞാൻ കൊടുത്ത വാക്കാണ്.
ഇന്ന് ബിജെപി മധ്യമേഖല പ്രസിഡൻ്റ് എൻ. ഹരിയും ഇടുക്കി ജില്ലാ പ്രസിഡൻ്റ് അഡ്വ. ശ്രീവിദ്യയും ചേർന്ന് ഗംഗയ്ക്ക് ആ ഓട്ടോറിക്ഷയുടെ താക്കോൽ കൈമാറി. താക്കോൽദാനത്തിന് തൊട്ടുമുമ്പ് വീഡിയോ കോളിൽ വന്ന് സന്തോഷം പങ്കുവെച്ചപ്പോൾ ഗംഗയുടെ കണ്ണുകളിൽ കണ്ട ആത്മവിശ്വാസമാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം.
സ്വന്തം അധ്വാനത്തിൽ നിന്നും ഒരു ചെറിയ പങ്ക് മാറ്റിവെച്ച്, പ്രതിസന്ധികളോട് പൊരുതുന്ന ഒരു സഹോദരിയുടെ ജീവിതത്തിന് കരുത്താകാൻ കഴിഞ്ഞതിൽ ഈശ്വരനോട് നന്ദി പറയുന്നു. ഇനിയുള്ള ദൂരം ഗംഗയ്ക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് കുതിക്കാം... ജീവിതത്തിൻ്റെ ട്രാക്കിൽ സധൈര്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |