
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ 4 വർഷം കഠിന തടവിനും 30 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിക്കപ്പെട്ട മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി ഹൈക്കോടതിയിൽ അപ്പീൽ നൽകി. കോട്ടയം വിജിലൻസ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. അപ്പീൽ തീർപ്പാകും വരെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന ആവശ്യവും തച്ചങ്കരി ഉന്നയിച്ചിട്ടുണ്ട്.
ഹർജിക്കാരൻ 2003-2007 കാലയളവിൽ വരുമാനത്തേക്കാൾ കൂടുതൽ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. അന്വേഷണ ഉദ്യോഗസ്ഥർ വരുമാനം കണക്കാക്കിയതിൽ വലിയ പിഴവുകൾ വരുത്തിയെന്നും, തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നുമാണ് ടോമിൻ തച്ചങ്കരിയുടെ വാദം. വരുമാന സ്രോതസുകൾ പലതും അന്വേഷണ സംഘം പരിഗണിച്ചില്ല. പുനരന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നെങ്കിലും ഹൈക്കോടതി അത് റദ്ദാക്കിയിരുന്നു. ഇത്തരത്തിലുള്ള അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള വിധി നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വ. എസ്. രാജീവ് മുഖേന ടോമിൻ തച്ചങ്കരി അപ്പീൽ സമർപ്പിച്ചത്. ഏതു സാഹചര്യത്തിലായാലും അമിതമായ ശിക്ഷയാണ് നൽകിയതെന്നും അപ്പീലിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |